പോസ്റ്റ്‌മോര്‍ട്ടത്തിന് വെള്ളാപ്പള്ളിക്ക് താല്‍പ്പര്യമില്ലായിരുന്നു: മുന്‍ ഡി.ജി.പി.

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടെന്ന നിലപാടായിരുന്നു എസ്. എന്‍. ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുണ്ടായിരുന്നതെന്ന് മുന്‍ ഡി.ജി.പി. വി ആര്‍ രജീവന്‍. പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്നായിരുന്നു അന്നത്തെ പൊതു അഭിപ്രായം. എന്നാല്‍, തന്റെ നിര്‍ദേശപ്രകാരമാണ് മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സ്വാമിയുടേത് അസ്വഭാവിക മരണമായിരുന്നു.

അതിനാല്‍ത്തന്നെ പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധമായിരുന്നു. അന്ന് തന്നെ വിളിച്ച എസ്.എന്‍.ഡി.പി. നേതാക്കളെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്ന് രാജീവന്‍ പറഞ്ഞു. വി ആര്‍ രാജീവന്‍ ദക്ഷിണമേഖലാ ഐ.ജിയായിരുന്ന സമയത്താണ് സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംഭവിക്കുന്നത്. അതേസമയം, ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ മൊഴിയെടുത്തില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുന്‍ െ്രെകംബ്രാഞ്ച് എസ്.ഐ. സി കെ സഹദേവന്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ബിജു രമേശിന്റെ ഓഫിസിലെത്തി മൊഴിയെടുത്തെങ്കിലും തെളിവുകളൊന്നും അദ്ദേഹം നല്‍കിയില്ല.

താന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടുകേള്‍വി മാത്രമാണെന്ന് ബിജു രമേശ് മൊഴി നല്‍കിയെന്നും സഹദേവന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. വെള്ളാപ്പള്ളി നടേശനെയും ഭാര്യ പ്രീതി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും ചോദ്യം ചെയ്തിരുന്നു. ആരോപണ വിധേയനായ പ്രിയന്‍ എന്നയാളുടെ ഫോണ്‍ മൂന്നുമാസം െ്രെകംബ്രാഞ്ച് ചോര്‍ത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. സ്വാമി ശാശ്വതീകാനന്ദ മുങ്ങിമരിച്ചതിന് സഹായി സാബുവിനെക്കൂടാതെ രണ്ട് സാക്ഷികള്‍ക്കൂടി ഉണ്ടായിരുന്നു. സാബു നല്‍കിയതിന് സമാനമായ മൊഴിയാണ് ഇരുവരും നല്‍കിയത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ കള്ളം പറയുകയാണെന്ന് ബിജു രമേശ് ഇതിനോട് പ്രതികരിച്ചു. കേസില്‍ തന്റെ മൊഴിയെടുത്തിട്ടില്ല. കെട്ടിച്ചമച്ച കഥയാണ് സഹദേവന്‍ പറയുന്നതെന്നും ബിജു രമേശ് ആരോപിച്ചു. മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് മേധാവിയോട് ആഭ്യന്തര മന്ത്രി റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it