പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ചെന്ന് ആരോപണം ഗസറ്റഡ് ഓഫിസറെ എല്‍ഡിഎഫ് തടഞ്ഞു

പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ചെന്ന് ആരോപിച്ച് ഗസറ്റഡ് ഓഫിസറെ ഓഫിസിനുള്ളില്‍ തടഞ്ഞു വച്ചു. ബാലറ്റുകള്‍ പിന്നീട് പോലിസ് കസ്റ്റഡിയില്‍ എടുത്ത് സീല്‍ വച്ച് റിട്ടേണിങ് ഓഫിസര്‍ക്ക് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം.
പത്തനംതിട്ട മിനി സിവില്‍ സ്‌റ്റേഷന്റെ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസിലെ മാനേജര്‍ എ അബ്ദുല്‍ ഹാരിസിനെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. ജീവനക്കാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കാതെ കൈവശപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍ നായര്‍ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു ആരോപണം. ബാലറ്റുകള്‍ പിടിച്ചെടുത്ത പ്രവര്‍ത്തകര്‍ ഹാരിസിനെ മര്‍ദ്ദിച്ചതായും പറയുന്നു. പോലിസ് കേസെടുക്കാമെന്ന കലക്ടറുടെ ഉറപ്പിന്മേല്‍ വൈകീട്ട് അഞ്ചു മണിയോടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്. ഇതിനിടെ ശാരീരികസ്ഥിതി വഷളായ ഹാരിസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഐ നേതാവ് സാബു കണ്ണങ്കരയുടെ നേതൃത്വത്തില്‍ ഓഫിസിലേക്കു കടന്നു കയറുകയും ബാലറ്റുകള്‍ പിടിച്ചെടുക്കുകയുമായിരുന്നു.എന്‍ജിഒ അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റും നിലവില്‍ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമാണ് അബ്ദുല്‍ ഹാരിസ്. അതേസമയം, പോസ്റ്റല്‍ വോട്ട് സാധുവാകണമെങ്കില്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടെന്ന് ഹാരിസ് പറഞ്ഞു. ഇങ്ങനെ ലഭിച്ച ബാലറ്റുകള്‍ താന്‍ സാക്ഷ്യപ്പെടുത്തുകയായിരുന്നു. ബാലറ്റ് പേപ്പര്‍ സാക്ഷ്യപ്പെടുത്താന്‍ വന്ന ജീവനക്കാര്‍ തിരക്കുള്ളതു കാരണം അതു തന്നെ ഏല്‍പിച്ച് പുറത്തേക്കു പോവുകയായിരുന്നുവെന്നും അബ്ദുല്‍ ഹാരിസ് പറയുന്നു. ശിവദാസന്‍ നായര്‍ക്ക് വോട്ടു രേഖപ്പെടുത്തിയതും അല്ലാത്തതുമായ 42 ബാലറ്റ് പേപ്പറുകള്‍ ഹാരിസിന്റെ മേശപ്പുറത്ത് ഉണ്ടായിരുന്നുവെന്നാണ് എല്‍ഡിഎഫ് പറയുന്നത്. ഇത് വലിച്ചെടുത്ത പ്രവര്‍ത്തകര്‍ അഞ്ച് ബാലറ്റ് കീറിക്കളയുകയും ചെയ്തു. 30ഓളം ബാലറ്റ് പേപ്പറാണ് ഉണ്ടായിരുന്നതെന്നും പോലിസ് പറയുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് എ പത്മകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസിനോടും റിട്ടേണിങ് ഓഫിസറോടും റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ പറഞ്ഞു. ഇരുവശവും പരിശോധിച്ച ശേഷം അന്തിമ റിപോര്‍ട്ട് കൈമാറുമെന്നും തീരുമാനമെടുക്കുക തിരഞ്ഞെടുപ്പ് കമ്മീഷനാവുമെന്നും കലക്ടര്‍ അറിയിച്ചു. ഹാരിസിനെ കൈയേറ്റം ചെയ്തതിനും ഓഫിസില്‍ അതിക്രമിച്ചു കയറിയതിനും ബാലറ്റ് പേപ്പര്‍ കീറിയതിനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുമെന്നു പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it