പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡിനെ മറികടന്ന് നിവ്യ ആന്റണി

കോഴിക്കോട്: ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടിന്‍ എ സി നിവ്യ ആന്റണി നടത്തിയത് ദേശീയ റെക്കോഡിനെ മറികടന്ന പ്രകടനം. കല്ലടി എച്ച്എസ്എസിലെ ഈ ഒമ്പതാംതരം വിദ്യാര്‍ഥി 2013ല്‍ മരിയ ജയ്‌സണ്‍ തീര്‍ത്ത 3.20 മീറ്റര്‍ റെക്കോഡാണ് മറികടന്നത്. കഴിഞ്ഞ വര്‍ഷം താന്‍ തന്നെ സ്ഥാപിച്ച 3.10 മീറ്ററെന്ന സംസ്ഥാന റെക്കോഡിനു 3.30 മീറ്ററാക്കി ഉയര്‍ത്തിയാണ് ഈ കൊച്ചുമിടുക്കി താരമായത്. കഴിഞ്ഞ വര്‍ഷം ആദ്യമായി സംസ്ഥാന മേളയ്‌ക്കെത്തി കൊയ്ത സ്വര്‍ണം ഇതേയിനത്തില്‍ നിലനിര്‍ത്തിയ നിവ്യയുടെ അടുത്തലക്ഷ്യം ഹാട്രിക് തന്നെയാണ്. ദേശീയ റെക്കോഡിനെ നല്ല മാര്‍ജിനില്‍ തന്നെയാണ് നിവ്യ ആന്റണി മറികടന്നിട്ടുള്ളതെന്നത് രാജ്യത്തിന് പുത്തന്‍ പ്രതീക്ഷയേകുന്നുണ്ട്. റാഞ്ചി മീറ്റിലും ഈ താരം സ്വര്‍ണം കൊയ്തിരുന്നു. പരിശീലനത്തിനു നല്ലൊരു പോള്‍ പോലുമില്ലാതെയാണ് നിവ്യയുടെ ഈ നേട്ടമെന്നതു കൂടി കണക്കിലെടുമ്പോള്‍ വിജയത്തിന്റെ മാധുര്യമേറുമെന്ന് കോച്ച് മനോജ് പറഞ്ഞു. മുളവടിയില്‍ ചാടിയാണ് നിവ്യ പരിശീലിച്ചിരുന്നത്. നേട്ടങ്ങള്‍ ഒന്നൊന്നായി കൊയ്തതോടെയാണ് താരതമ്യേന കുഴപ്പമില്ലാത്തൊരു പോള്‍ സ്വന്തമാക്കാനായത്. പോളിന്റെ വില തന്നെയാണ് വില്ലന്‍. നല്ല പോളിനു ലക്ഷങ്ങള്‍ വിലവരും. സാധാരണ കുടുംബത്തില്‍ നിന്നു വരുന്ന നിവ്യയെ പോലുള്ളവര്‍ക്കു ഇതു താങ്ങാനാവില്ല. മികച്ച പരിശീലനം ലഭിച്ചാല്‍ രാജ്യത്തിന്റെ മുതല്‍ക്കൂട്ടാവുന്ന താരമാണ് നിവ്യയെന്ന് കായിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പോള്‍വാള്‍ട്ടില്‍ കോതമംഗലം മാര്‍ബേസിലിലെ ദിവ്യ മോഹനനും 3.15 മീറ്റര്‍ ചാടി പുതിയ മീറ്റ് റെക്കോഡ് കുറിച്ചെങ്കിലും നിവ്യയുടെ അസാധാരണ പ്രകടനത്തില്‍ അതു മുങ്ങിപ്പോവുകയായിരുന്നു. മാര്‍ബേസിലിലെ തന്നെ സോണ ബെന്നിക്കാണ് വെങ്കല മെഡല്‍.
Next Story

RELATED STORIES

Share it