പോളിങ് സാമഗ്രികളുടെ വിതരണം: സമയക്രമം പുറപ്പെടുവിച്ചു

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും തിരികെ ഹാജരാക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നഗരസഭകളില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്കുമാണ് ചുമതല.
നവംബര്‍ രണ്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോ ബ്ലോക്ക് പഞ്ചായത്തിന്റെയും പരിധിയില്‍ വരുന്ന ഗ്രാമപ്പഞ്ചായത്തുകളുടെ പോളിങ് ആവശ്യത്തിനുള്ള ഫോറങ്ങള്‍, രജിസ്റ്ററുകള്‍, സ്റ്റേഷനറി സാധനങ്ങള്‍ മറ്റു തിരഞ്ഞെടുപ്പ് സാമഗ്രികള്‍ എന്നിവ ജില്ലാ കേന്ദ്രങ്ങളില്‍നിന്നു ശേഖരിച്ച് സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ച് 27,28,29 തിയ്യതികളില്‍ അവ ഓരോ പോളിങ് സ്റ്റേഷനുംവേണ്ടി പ്രതേ്യകം പായ്ക്ക് ചെയ്ത് സൂക്ഷിക്കണം. 28, 29 തിയ്യതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍നിന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ ആ ബ്ലോക്ക് പ്രദേശത്ത് മൊത്തം ആവശ്യമുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ (1 കണ്‍ട്രോള്‍ യൂനിറ്റ് + 3 ബാലറ്റ് യൂനിറ്റ് വീതം) ശേഖരിച്ച് അവ വിതരണകേന്ദ്രത്തില്‍ സൂക്ഷിക്കണം. പ്രസ്തുത ബ്ലോക്ക് പ്രദേശത്തുള്ള എല്ലാ ഗ്രാമപ്പഞ്ചായത്ത് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും നവംബര്‍ ഒന്നിന് രാവിലെതന്നെ അവ വിതരണം ചെയ്യണം.
അന്നുതന്നെ ആ കേന്ദ്രത്തില്‍ റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തില്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തണം. നവംബര്‍ ഒന്നിന് പോളിങ് സാധനങ്ങളുടെ വിതരണ ദിവസം പോളിങ് സാധനങ്ങളും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും ഓരോ വിതരണ കേന്ദ്രത്തിലും ലഭ്യമാക്കേണ്ടതും കൗണ്ടറിലൂടെ അവ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യേണ്ടതുമാണ്. നവംബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു ജില്ലകളിലെ സമയക്രമം ചുവടെ.
പോളിങ് സാധനങ്ങള്‍ കലക്ടറേറ്റില്‍ നിന്നും ശേഖരിച്ച് ബൂത്തിലേക്ക് പായ്ക്ക് ചെയ്യേണ്ടത് ഈ മാസം 30,31, നവംബര്‍ ഒന്ന്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ കലക്ടറേറ്റില്‍നിന്നും ശേഖരിച്ച് വിതരണ കേന്ദ്രത്തില്‍ സൂക്ഷിക്കുന്നത് നവംബര്‍ ഒന്ന്, രണ്ട്.
കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തുന്നത് നവംബര്‍ രണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യല്‍ നവംബര്‍ നാല്.
Next Story

RELATED STORIES

Share it