wayanad local

പോളിങ് ശതമാനം 78.07

കല്‍പ്പറ്റ: കനത്ത സുരക്ഷാ സന്നാഹങ്ങളോടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 78.07 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് കല്‍പ്പറ്റ മണ്ഡലത്തിലാണ്- 78.48 ശതമാനം. സുല്‍ത്താന്‍ ബത്തേരിയില്‍- 78.32, മാനന്തവാടി- 77.67 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിങ് നില. വൈകീട്ട് ആറിനുള്ള കണക്കാണിത്. അവസാന കണക്കെടുപ്പില്‍ പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കും.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 73.8 ആയിരുന്നു. മാനന്തവാടി-74.15, സുല്‍ത്താന്‍ ബത്തേരി-73.18, കല്‍പ്പറ്റ-74.19 എന്നിങ്ങനെയായിരുന്നു 2011ല്‍ വിവിധ മണ്ഡലങ്ങളിലെ പോളിങ് ശതമാനം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് കുറഞ്ഞ ബൂത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലയിലാകെ നടപ്പാക്കിയ 'ഓര്‍മമരം' പദ്ധതി പോളിങ് ശതമാനം ഉയര്‍ത്താന്‍ സഹായകമായി. ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയമസഭാ മണ്ഡലങ്ങളിലായി 5,96,939 വോട്ടര്‍മാരാണുള്ളത്. 3,04,621 പുരുഷ വോട്ടര്‍മാരും 2,92,318 സ്ത്രീ വോട്ടര്‍മാരും. ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
പൊതുവെ മഴ മാറിനിന്ന അന്തരീക്ഷത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു മണിയോടെ തന്നെ ജില്ലയില്‍ 50.71 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ടിന് 9.2, ഒമ്പതിന് 15.9, 10ന് 25.6, 11ന് 32.8, 12ന് 37.13, ഒന്നിന് 50.71, രണ്ടിന് 53.14 എന്നിങ്ങനെയാണ് പോളിങ് ശതമാനം ഉയര്‍ന്നത്. വൈകീട്ട് അഞ്ചിന് ജില്ലയിലെ പോളിങ് ശതമാനം 70.32 ആയി. സുല്‍ത്താന്‍ ബത്തേരി- എട്ട്, മാനന്തവാടി- 11, കല്‍പ്പറ്റ- 10 എന്നിങ്ങനെ 29 സ്ഥാര്‍ഥികളാണ് ജനവിധി തേടിയത്. ഒരു ഓക്‌സിലിയറി പോളിങ് സ്‌റ്റേഷന്‍ ഉള്‍പ്പെടെ 470 പോളിങ് സ്‌റ്റേഷനുകളായിരുന്നു ജില്ലയില്‍. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 184 പോളിങ് ബൂത്തുകളും കല്‍പ്പറ്റ മണ്ഡലത്തില്‍ 145 ബൂത്തുകളും മാനന്തവാടി മണ്ഡലത്തില്‍ 141 ബൂത്തുകളുമാണ്. ഇതില്‍ 47 ബൂത്തുകള്‍ മാതൃകാ പോളിങ് ബൂത്തുകളാണ്. വനിതകള്‍ മാത്രം പോളിങ് ഓഫിസര്‍മാരായ എട്ട് ബൂത്തുകളുണ്ടായിരുന്നു. സുരക്ഷയുടെ ഭാഗമായി 42 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. 21 ബൂത്തുകളില്‍ വീഡിയോഗ്രഫിയും 31 ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും ഏര്‍പ്പെടുത്തിയിരുന്നു.
25 ബൂത്തുകളില്‍ സിആര്‍പിഎഫും 32 ബൂത്തുകളില്‍ കര്‍ണാടക പോലിസും സുരക്ഷയൊരുക്കി. സിആര്‍പിഎഫിന്റെ മൂന്ന് കമ്പനിയും കര്‍ണാടക പോലിസിന്റെ രണ്ടു കമ്പനിയുമാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി സംസ്ഥാന പോലിസിന് പുറമെ ജില്ലയില്‍ കര്‍മനിരതരായത്. ഇതിനു പുറമെ ഡിജിപി സ്‌ക്വാഡിന്റെ രണ്ടു കമ്പനിയും ജില്ലാ പോലിസ് മേധാവിയുടെ സ്‌ട്രൈക് ഫോഴ്‌സും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it