ernakulam local

പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍...

പോളിങ് ദിനത്തില്‍ ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ പേരും മറ്റ് വിവരങ്ങളും പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഉറപ്പു വരുത്തും. വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കുന്നതിന് മുന്നോടിയായി വോട്ടറുടെ കൈവിരലില്‍ മഷി അടയാളം രേഖപ്പെടുത്തുകയും രജിസ്റ്ററില്‍ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തുകയും ചെയ്യും. സ്ലിപ്പുമായി വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂനിറ്റിന്റെ ചുമതല വഹിക്കുന്ന പോളിങ് ഓഫിസറെ സമീപിച്ച് വോട്ടര്‍ സ്ലിപ്പ് അദ്ദേഹത്തെ ഏല്‍പ്പിക്കലാണ് അടുത്ത നടപടി.
ഉദ്യോഗസ്ഥന്‍ വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നല്‍കി കണ്‍ട്രോള്‍ യൂനിറ്റിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കും. അടുത്ത കംപാര്‍ട്ട്‌മെന്റിലെത്തിച്ചേരുന്ന വോട്ടര്‍ക്ക് സ്ഥാനാര്‍ഥികളുടെ എണ്ണമനുസരിച്ച് മുന്‍കൂട്ടി സജ്ജമാക്കിയിട്ടുള്ള ബാലറ്റ് യൂനിറ്റുകളില്‍ ഇടതു ഭാഗത്തായി പച്ചനിറത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന ബട്ടണ്‍ കാണാവുന്നതാണ്. ഇത് സമ്മതിദാനം രേഖപ്പെടുത്തുന്നതിന് തടസ്സമൊന്നുമില്ലെന്നതിനെ സൂചിപ്പിക്കുന്നു.
ത്രിതല പഞ്ചായത്തുകളില്‍ ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. ആദ്യ ബാലറ്റ് യൂനിറ്റില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും അവരുടെ ചിഹ്നവും അടങ്ങുന്ന വെള്ള നിറത്തിലുള്ള ലേബലായിരിക്കും പതിച്ചിരിക്കുന്നത്. ഏത് സ്ഥാനാര്‍ഥിക്കാണോ വോട്ട് രേഖപ്പെടുത്തേണ്ടത് നിശ്ചിത ചിഹ്നത്തിന് നേരെയുള്ള ബട്ടണില്‍ വിരലമര്‍ത്തിയാലുടന്‍ ഒരു ചെറിയ ബീപ്പ് ശബ്ദത്തോടൊപ്പം സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു നേരെ ചുവന്ന ലൈറ്റ് പ്രകാശിക്കുന്നതുമാണ്. ഇത് വോട്ട് തടസ്സങ്ങളൊന്നുമില്ലാതെ രേഖപ്പെടുത്തിയതിന്റെ സൂചനയാണ്. ഇതേ രീതിയില്‍ ബ്ലോക്ക് തലത്തിലേക്കും ജില്ലാ പഞ്ചായത്ത് തലത്തിലേക്കും വോട്ട് രേഖപ്പെടുത്താം.
ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂനിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലുള്ള ബാലറ്റ് യൂനിറ്റുകള്‍ ഇളം നീലനിറത്തിലുള്ള ലേബലുമായിരിക്കും പതിപ്പിച്ചിരിക്കുന്നത്. ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂനിറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അവസാന ബാലറ്റ് യൂനിറ്റിലെ അവസാനത്തെ എന്‍ഡ് ബട്ടണ്‍ അമര്‍ത്തി നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കുന്നതോടെ വോട്ടിങ് പൂര്‍ത്തിയായതായി കണക്കാക്കാം. മൂന്നുതലത്തിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഈ ബട്ടണ്‍ ഉപയോഗിക്കേണ്ടതില്ല. ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാലും ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണ്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളു.
Next Story

RELATED STORIES

Share it