malappuram local

പോളിങ് ബൂത്തില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കണം: ജില്ലാ കലക്ടര്‍

മലപ്പുറം: പോളിങ്ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് വെങ്കടേശപതി വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളം, വൈദ്യുതി, ശൗചാലയം, കാത്തിരിപ്പു ഷെഡ്, അംഗപരിമിതര്‍ക്ക് റാംപ്, അടയാള ബോര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ടത്.
വരണാധികാരികള്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച് കുറവുകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ റാംപ് ഇല്ലാത്ത സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കുന്നതിന് മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കണം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ റാംപ് ഒരുക്കേണ്ടത് പഞ്ചായത്തുകളാണ്. ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ അംഗപരിമിതരുടെ സൗകര്യാര്‍ഥം റാംപ് ഒരുക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
വൈദ്യുതി ഇല്ലാത്ത ബൂത്തുകളില്‍ പോളിങ് ദിവസത്തേക്ക് താല്‍ക്കാലിക കണക്ഷന്‍ എടുക്കാന്‍ വരണാധികാരികള്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന വരണാധികാരികളുടെ യോഗത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്, തിരൂര്‍ സബ് കലക്ടര്‍ അദീല അബ്ദുല്ല, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി വി സജന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it