ernakulam local

പോളിങ് ബൂത്തിന്റെ പേരില്‍ ഹാള്‍ മാറ്റണമെന്ന്; വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി

മട്ടാഞ്ചേരി: റവന്യൂ വകുപ്പ് അധികൃതരുടെ അനാസ്ഥയില്‍ ആശങ്കയിലായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍. മട്ടാഞ്ചേരി ഇലഞ്ഞിമുക്കില്‍ അഷറഫും കുടുംബവുമാണ് അധികൃതര്‍ വരുത്തിവച്ച വിനയില്‍ വെന്ത് നീറുന്നത്.
അഷറഫിന്റെ മകള്‍ തന്‍സിയുടെ വിവാഹം ഈ മാസം പതിനഞ്ചിനാണ് നടത്താന്‍ തീരുമാനിച്ചത്. ഇതിനായി മാസങ്ങള്‍ക്ക് മുമ്പ് കല്‍വത്തി കമ്മ്യൂനിറ്റി ഹാളും ബുക്ക് ചെയ്ത് ബന്ധുക്കളേയും നാട്ടുകാരേയും ക്ഷണിക്കുകയും ചെയ്തു.
ഇതിനിടെയാണ് വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഹാളില്‍ വിവാഹം നടത്താന്‍ കഴിയില്ലന്ന അധികൃതരുടെ ഉത്തരവ് വരുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കൊച്ചി മണ്ഡലത്തിലെ ബൂത്ത് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണെന്നുള്ളതാണ് വിവാഹം മാറ്റാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പ് പതിനാറിനും കല്യാണം പതിനഞ്ചിനുമാണെന്നതിനാല്‍ അഷറഫ് അധികൃതരുടെ മുന്നിലെത്തി കാലുപിടിച്ച് അപേക്ഷിച്ചു. എന്നിട്ടും അധികൃതര്‍ കുലുങ്ങിയില്ല.
പോളിങ് ദിവസത്തിന്റെ തലേന്ന് വൈകീട്ടോടെ മാത്രമേ ഉദ്യോഗസ്ഥര്‍ ബൂത്തില്‍ എത്തുകയുള്ളൂവെന്നിരിക്കേ പതിനഞ്ചിന് ഉച്ചയ്ക്ക് ഒരു മണിക്കകം ഹാള്‍ ഒഴിഞ്ഞ് തരാമെന്ന് അഷറഫ് അധികൃതര്‍ക്ക് സത്യവാങ്ങ്മൂലം നല്‍കി. മാത്രമല്ല ഹാള്‍ വൃത്തിയാക്കി സ്വന്തം ചെലവില്‍ നല്‍കാമെന്നും അറിയിച്ചു. എന്നിട്ടും അധികൃതര്‍ നിലപാടില്‍ മാറ്റം വരുത്തിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടന്‍ റവന്യൂ അധികൃതര്‍ വില്ലേജ് ഓഫിസര്‍മാരുടെ യോഗം വിളിച്ച് ബൂത്തുകളില്‍ വിവാഹമോ മറ്റ് പരിപാടികളോ പോളിങ് ദിവസമോ തലേ ദിവസമോ ഉണ്ടോയെന്നത് സംബന്ധിച്ച് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നൊന്നും ബൂത്തിന്റെ പരിധിയിലുള്ള വില്ലേജ് ഓഫിസര്‍ വിവാഹം സംബന്ധിച്ച് റിപോര്‍ട്ട് നല്‍കിയില്ല.
നേരത്തേ റിപോര്‍ട്ട് നല്‍കിയിരുന്നുവെങ്കില്‍ അഷറഫിന് വിവാഹ തിയ്യതി മാറ്റാനോ മറ്റെവിടെയെങ്കിലുംവച്ച് നടത്താനോ കഴിയുമായിരുന്നു. എന്നാല്‍ അവസാന സമയത്ത് അറിയിപ്പ് വന്നതോടെ ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണീ കുടുംബം. അധികൃതര്‍ വരുത്തിയ വീഴ്ചയില്‍ മനംനൊന്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് അഷറഫും ബന്ധുക്കളും.
മകളുടെ വിവാഹം നടക്കാതെ പോയാല്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ് ഈ കുടുംബം.
നേരത്തേ മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ പതിനേഴ് വിവാഹങ്ങള്‍ ബുക്ക് ചെയ്‌തെന്ന കാരണത്താല്‍ വോട്ടെണ്ണല്‍ കേന്ദ്രം മട്ടാഞ്ചേരി ടിഡി ഹൈസ്‌കൂളിലേക്ക് മാറ്റാന്‍ കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറ മുന്‍കൈ എടുത്ത് നടപടി സ്വീകരിച്ചിരുന്നു. അതുപോലെ സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് അഷറഫും കുടുംബവും.
Next Story

RELATED STORIES

Share it