Idukki local

പോളിങ് ടീം ഇടമലക്കുടിയിലേക്ക്; വിവരങ്ങളറിയിക്കാന്‍ 29 അംഗഹാം റേഡിയോ സംഘവും

ഇടുക്കി: സംസ്ഥാനത്തെ പ്രഥമ പട്ടിക വര്‍ഗ ഗ്രാമപ്പഞ്ചായത്തായ ഇടമലക്കുടിയുടെ സമ്മദിദാന അവകാശം നിറവേറ്റുന്നതിനുള്ള പോളിങ് ടീം ഇടമലക്കുടിയിലേക്ക് യാത്ര തിരിച്ചു. കൂടെ 29 അംഗ ഹാം റേഡിയോ സംഘവുമുണ്ട്. ജില്ലയിലെ മറ്റു വോട്ടിങ് കേന്ദ്രങ്ങളിലേക്കുള്ള സംഘം ഇന്നു രാവിലെയേ പുറപ്പെടൂ.പോളിങ് ഉദ്യോഗസ്ഥരും പോലിസ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഗാര്‍ഡുകളും വാച്ചര്‍മാരും ഹാംറേഡിയോ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘം മൂന്നാറില്‍ നിന്നുമാണ് ഇടമലക്കുടിയിലേക്ക് യാത്ര തിരിച്ചത്.
ഇന്നലെ രാത്രി സംഘാംഗങ്ങള്‍ പെട്ടിമുടിയിലാണ് തങ്ങിയത്.സംഘത്തെ യാത്രയാക്കാന്‍ ദേവികുളം ആര്‍ഡിഒ സുബിന്‍ സമീര്‍ എത്തിയിരുന്നു.
ഓരോ പോളിങ് ബൂത്തിലും അഞ്ച് പോളിങ് ഉദ്യോഗസ്ഥര്‍ വീതമാണുള്ളത്. ഇതിന് പുറമെ ഓരോ ബൂത്തിലും പോലിസ് ഉദ്യോഗസ്ഥനും അക്ഷയ കേന്ദ്രം പ്രതിനിധിയുമുണ്ടാകും. ഹാം റേഡിയോയുമായി ബന്ധപ്പെട്ട് സംഘം ജില്ലാ ആസ്ഥാനത്തും ഇടമലക്കുടിയിലെ പെട്ടിമുടിയിലും മറ്റ് കുടികളിലുമായി സേവനം അനുഷ്ഠിക്കും.
ഇന്ന് വൈകിട്ട് പെട്ടിമുടി പുല്‍മേട്ടില്‍ റിപ്പീറ്റര്‍ സ്ഥാപിച്ച് 13 കുടികളുമായി ബന്ധം സ്ഥാപിക്കും. തുടര്‍ന്ന് കുടികളില്‍ നിന്നുള്ള പ്രതിനിധികള്‍ കാലാവസ്ഥ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുല്ലുമേട്ടില്‍ പ്രവര്‍ത്തിക്കുന്ന റിപ്പീറ്റര്‍ വഴി കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. കലക്ടറുടെ ചേംബറിലുള്ള കംപ്യൂട്ടര്‍ വഴി വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.അതത് കുടികളിലെ പോളിങ് ഓഫിസര്‍മാരുമായും കലക്ടര്‍ക്ക് നേരിട്ട് വിവരങ്ങള്‍ ആരായാം. കുടികളിലെ മരങ്ങളില്‍ ആന്റിനകള്‍ സ്ഥാപിച്ചും മണ്ണിനടിയില്‍ റിപ്പീറ്റര്‍ സ്റ്റേഷന്‍ ഒരുക്കിയുമാണ് വാര്‍ത്താവിനിമയം ക്രമീകരിച്ചിരിക്കുന്നത്. ഇടുക്കി ഹാംറേഡിയോ ക്ലബ് കസ്റ്റോഡിയന്‍ മനോജ് ഗ്യാലക്‌സി, കോ- ഓഡിനേറ്റര്‍മാരായ പി എല്‍ നിസാമുദ്ദീന്‍, ഒ എന്‍ രാജു എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it