പോളിങ് ഓഫിസറായി മണിപ്പൂര്‍ സ്വദേശി ജെര്‍മിയ

കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തിലെ നടക്കാവ് 97ാം നമ്പര്‍ ബൂത്തില്‍ പോളിങ് ഓഫിസര്‍ മലയാളിയല്ല, ഒരു ഇതര സംസ്ഥാനക്കാരനാണ്. മണിപ്പൂരിലെ സീനാപതി ജില്ലക്കാരനായ ജെര്‍മിയ ആണ് ഇന്ന് നടക്കാവ് ജൂനിയര്‍ ബേസിക് സ്‌കൂളിലെ തിരഞ്ഞെടുപ്പു നിയന്ത്രിക്കുക. ഇതാദ്യമായാണ് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതെന്ന് 24കാരനായ ജെര്‍മിയ പറയുന്നു. ഒരു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്‌പൈസസ് ബോര്‍ഡിന്റെ പാലാരിവട്ടം ശാഖയില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയി പ്രവര്‍ത്തിച്ചുവരുകയാണ്. കേരളത്തിന്റെ ചൂടുപിടിച്ച രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി അധികമൊന്നും അറിയില്ല ഇദ്ദേഹത്തിന്. എല്‍ഡിഎഫ്, യുഡിഎഫ് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇത്തവണ ബിജെപി ഇവിടെ അക്കൗണ്ട് തുറക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നതെന്നും മറുപടി. കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നറിയാമോ എന്ന ചോദ്യത്തിന് ഒരു നിമിഷം ആലോചിച്ചശേഷം നിറഞ്ഞ ചിരിയോടെ ഉമ്മന്‍ചാണ്ടി എന്ന് മറുപടി നല്‍കി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ പേര് പറഞ്ഞപ്പോള്‍ ആരാണ് എന്നറിയില്ലെന്ന് ക്ഷമാപണത്തോടെ മറുപടി നല്‍കി. പോളിങ് ഓഫിസറായതോടെ ഇത്തവണ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാനായെന്ന് ജെര്‍മിയ പറയുന്നു. വോട്ട് ചെയ്യാറില്ലേയെന്നു ചോദിച്ചപ്പോള്‍ ഉണ്ടെന്നു മറുപടി. അടുത്ത വര്‍ഷമാണ് മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പു വരുന്നതെന്നും വോട്ട് ചെയ്യാന്‍ ഉറപ്പായും നാട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ദമ്പതികളായ കെ ഇ ജോണിന്റെയും ങ്രപുങ്ങയുടേയും മകനാണ്. അവിവാഹിതന്‍. ആറ് സഹോദന്മാരും ഒരു സഹോദരിയുമുണ്ട്.
Next Story

RELATED STORIES

Share it