Pathanamthitta local

പോളിങ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ചോദ്യങ്ങളുമായി കലക്ടറെത്തി

പത്തനംതിട്ട: ജില്ലാ കലക്ടര്‍ കണിശക്കാരനായ അധ്യാപകനായി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളും. ചിലര്‍ ചോദ്യങ്ങള്‍ക്കു മുന്നില്‍ കുഴങ്ങി. ഭൂരിപക്ഷം പേരും ശരിയുത്തരം നല്‍കി മികവു കാട്ടി. പത്തനംതിട്ട മാര്‍ത്തോമ്മ സ്‌കൂളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പരിശീലന പരിപാടിയിലാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ എസ് ഹരികിഷോര്‍ പരീക്ഷ നടത്തിയത്. അപ്രതീക്ഷിതമായാണ് ജില്ലാ കലക്ടര്‍ പരിശീലന കേന്ദ്രത്തിലെത്തിയത്.
കുളനട എസ്ബിടി ഡെപ്യൂട്ടി മാനേജര്‍ എസ് ആഷയോടായിരുന്നു ആദ്യ ചോദ്യം. തിരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രത്തില്‍ രാവിലെ എത്തിയാല്‍ എന്തെല്ലാം ചെയ്യണം? പെട്ടെന്നുള്ള ചോദ്യത്തിനു മുന്നില്‍ ആഷ ആദ്യമൊന്ന് പരുങ്ങിയെങ്കിലും പിന്നീട് ഉത്തരം നല്‍കി. ഉത്തരം മുട്ടിയ മറ്റു ചിലര്‍ക്ക് ഒപ്പമുള്ളവര്‍ സഹായികളായി. വോട്ടെടുപ്പ് നടക്കുന്നതിനിടയില്‍ ജില്ലാ കലക്ടര്‍ ബൂത്തിലെത്തിയാല്‍ അകത്തു കടക്കാ ന്‍ അനുവദിക്കുമോയെന്നായിരുന്നു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയും പ്രിസൈഡിങ് ഓഫീസറുമായ രജനിയോട് ചോദിച്ചത്. ഏതെല്ലാം ഉദ്യോഗസ്ഥരെ ബൂത്തിനുള്ളില്‍ അനുവദിക്കാമെന്നതിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബൂത്തിലെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, ഫസ്റ്റ് പോളിങ് ഓഫിസറുടെ ചുമതലയെന്ത്, തിരിച്ചറിയല്‍ രേഖകളില്ലാതെ വോട്ടര്‍ സ്ലിപ് മാത്രം കൊണ്ടുവരുന്നയാളെ വോട്ടു ചെയ്യാന്‍ അനുവദിക്കുമോ, വോട്ടെടുപ്പ് ദിവസം രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍, മോക്‌പോള്‍, ഒരു വോട്ടറെ മറ്റൊരാള്‍ എതിര്‍ത്താല്‍ എന്തു ചെയ്യണം, ഒരാളുടെ വോട്ട് മറ്റൊരാള്‍ ചെയ്തു പോയതായി കണ്ടെത്തിയാല്‍ എന്തു ചെയ്യും, ഒപ്പ് രേഖപ്പെടുത്തിയ ശേഷം വോട്ടു ചെയ്യാതെ പോയാല്‍ എന്തു ചെയ്യണം, തുടങ്ങി നിരവധി ചോദ്യങ്ങള്‍ കലക്ടര്‍ ചോദിച്ചു. ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. തിരഞ്ഞെടുപ്പ് പരിശീലനത്തിന്റെ പുരോഗതി വിലയിരുത്താനും ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ശരിയായി മനസിലാക്കുന്നുണ്ടോയെന്നറിയാനുമാണ് പരീക്ഷ നടത്തിയതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാവും രണ്ടാംഘട്ട പരിശീലനം രൂപപ്പെടുത്തുക. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 18നാണ് ആരംഭിച്ചത്. ഒരു മണ്ഡലത്തില്‍ രാവിലെയും ഉച്ചയ്ക്കുമായി ഒരു ദിവസം നാലു ബാച്ചിനാണ് പരിശീലനം. ഒന്നാംഘട്ട പരിശീലനം ഇന്നു സമാപിക്കും. ആറന്മുള മണ്ഡലം റിട്ടേണിങ് ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ അനു എസ് നായര്‍, പത്തനംതിട്ട വില്ലേജ് ഓഫിസര്‍ എസ് ഷാലികുമാര്‍, പരിശീലകരായ ഡെപ്യൂട്ടി തഹസില്‍ദാര്‍ വര്‍ഗീസ് മാത്യു, വില്ലേജ് ഓഫിസര്‍ ഹരീന്ദ്രനാഥ് പങ്കെടുത്തു.
Next Story

RELATED STORIES

Share it