Pathanamthitta local

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ വൈദ്യസഹായം നല്‍കും

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും സൗജന്യ വൈദ്യസഹായം നല്‍കുമെന്ന് ജില്ലാ കലക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുമായ എസ് ഹരികിഷോര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള സമിതി രൂപീകരിക്കുന്നതു സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥന് മരണമോ, അംഗവൈകല്യമോ സംഭവിച്ചാല്‍ 25,000 രൂപ അടിയന്തരസഹായം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കും. തിരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥന്റെ ചികില്‍സാ ചെലവ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ വഹിക്കും. വൈദ്യസഹായം ലഭ്യമാക്കുന്നതിന് ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ സേവനം ഉപയോഗപ്പെടുത്തും. മേയ് 15,16 തീയതികളില്‍ എല്ലാ ആശുപത്രികളും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് സജ്ജമായിരിക്കണം. വോട്ടെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥനെ അസുഖബാധിതനായി എത്തിച്ചാല്‍ ആശുപത്രികള്‍ അടിയന്തര ചികില്‍സ നല്‍കണം. ചികില്‍സാ സൗകര്യങ്ങള്‍ കുറവുള്ള ആശുപത്രികള്‍ പ്രാഥമിക ചികില്‍സ നല്‍കി ഉടന്‍ തന്നെ മികച്ച ചികില്‍സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് ഉദ്യോഗസ്ഥനെ മാറ്റുന്നതിന് സഹായം നല്‍കണം. പോളിങ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് മൂന്നു പോളിങ് സ്റ്റേഷന് ഒരു വെല്‍ഫെയര്‍ ഓഫിസറെ വീതം നിയോഗിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഇതിനായി വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിക്കും. വോട്ടര്‍മാര്‍ അപകടം പറ്റിയോ, കുഴഞ്ഞു വീണോ ആശുപത്രികളിലെത്തിയാല്‍ അടിയന്തര ചികിത്സ നല്‍കണം. ആശുപത്രികളിലെ എല്ലാ ജീവനക്കാര്‍ക്കും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള ക്രമീകരണം ആശുപത്രി മാനേജ്‌മെന്റ് ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it