Sports

പോളണ്ട് കടക്കാന്‍ പറങ്കിപ്പട

മാഴ്‌സെ: യൂറോ കപ്പില്‍ മുന്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടര്‍ന്നുണ്ടാവുമോയെന്ന് ഇന്നറിയാം. ആദ്യ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ നയിക്കുന്ന പോര്‍ച്ചുഗല്‍ ഇന്ന് പോളണ്ടുമായി അങ്കംകുറിക്കും. ഒന്നും നഷ്ടപ്പെടാനില്ലെന്നതിന്റെ ആവേശത്തിലാണ് പോളണ്ട് ബൂട്ടണിയുന്നതെങ്കില്‍ ക്രിസ്റ്റിക്കു കീഴില്‍ കന്നിക്കിരീടമെന്ന സമ്മര്‍ദ്ദം പോര്‍ച്ചുഗലിനുണ്ട്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഃ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി
നിലവില്‍ യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ രണ്ടു ഗോളടിവീരന്‍മാരായ ക്രിസ്റ്റിയാനോയും പോളണ്ടിന്റെ ബയേണ്‍ മ്യൂണിക്ക് സ്റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും മുഖാമുഖം വരുന്നുവെന്നത് ഇന്നത്തെ പോരാട്ടത്തിന്റെ ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നു. റയല്‍ മാഡ്രിഡിനെ 11ാം ചാംപ്യന്‍സ് ലീഗ് കിരീടവിജയത്തിലേകക്കു നയിച്ച ശേഷമാണ് ക്രിസ്റ്റി യൂറോയ്‌ക്കെത്തിയതെങ്കില്‍ ജര്‍മന്‍ ലീഗില്‍ ബയേണിന് കിരീടം നേടിക്കൊടുത്താണ് ലെവന്‍ഡോവ്‌സ്‌കി ഫ്രാന്‍സിലെത്തിയത്.
പോര്‍ച്ചുഗലിനുവേണ്ടി യൂറോയില്‍ ഒരു കളിയില്‍ മാത്രമാണ് യഥാര്‍ഥ ക്രിസ്റ്റ്യാനോയെ കണ്ടത്. ഹംഗറിക്കെതിരേ നിര്‍ണായകമായ അവസാന ഗ്രൂപ്പ് മല്‍സരത്തിലായിരുന്നു ഇത്. പോര്‍ച്ചുഗല്‍ അട്ടിമറിത്തോല്‍വിയോടെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്താവല്‍ ഭീഷണിയിലിരിക്കെ ഇരട്ടഗോളുകളോടെ താരം ടീമിനെ രക്ഷിക്കുകയായിരുന്നു. ഈ രണ്ടു ഗോളുകളാണ് ഇതുവരെ കളിച്ച നാലു കളികളില്‍ നിന്നു ക്രിസ്റ്റിയുടെ സമ്പാദ്യം.
ഒരു അപൂര്‍നേട്ടത്തിന് തൊട്ടരികിലാണ് ക്രിസ്റ്റ്യാനോ. പോളണ്ടിനെതിരേ ഇന്നു സ്‌കോര്‍ ചെയ്യാനായാല്‍ യൂറോയില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ മുന്‍ ഫ്രഞ്ച് ഇതിഹാസം മിഷയേല്‍ പ്ലാറ്റിനിയുടെ റെക്കോഡിനൊപ്പം താരമെത്തും. ഒമ്പതു ഗോളുകളാണ് പ്ലാറ്റിനിയുടെ സമ്പാദ്യം. ഹംഗറിക്കെതിരേ വലകുലുക്കിയതോടെ മറ്റൊരു റെക്കോഡ് ക്രിസ്റ്റിയാനോ നേരത്തേ തന്നെ സ്വന്തം പേരിലാക്കിയിരുന്നു. തുടര്‍ച്ചയായി നാലു യൂറോകളില്‍ സ്‌കോര്‍ ചെയ്ത ആദ്യ താരമെന്ന റെക്കോഡാണ് പോര്‍ച്ചുഗീസ് നായകന്റെ പേരിലുള്ളത്.
അതേസമയം, ബയേണിലെ ലെവന്‍ഡോവ്‌സ്‌കിയുടെ നിഴല്‍ മാത്രമാണ് യൂറോയില്‍ ഇതുവരെ കാണാനായത്. ഗ്രൂപ്പുഘട്ടത്തില്‍ മൂന്നു കളികളില്‍ ഒരു ഗോള്‍ പോലും നേടാനാവാതെ വിഷമിച്ച ലെവന്‍ഡോവ്‌സ്‌കി പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് ഇതിനു വിരാമമിട്ടത്. അതുകൊണ്ടു തന്നെ തന്റെ ഏറ്റവും മികച്ച പ്രകടനം ഇന്നു പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌ട്രൈക്കര്‍.
പോര്‍ച്ചുഗലിനെ വീണ്ടും ഭാഗ്യം തുണയ്ക്കുമോ?
ടൂര്‍ണമെന്റിലെ ഏറ്റവും ഭാഗ്യവാന്‍മാരായ ടീമെന്നു വേണമെങ്കില്‍ പോര്‍ച്ചുഗലിനെ വിശേഷിപ്പിക്കാം. കാരണം, ഗ്രൂപ്പുഘട്ടത്തില്‍ ഒരു മല്‍സരം പോലും ജയിക്കാനാവാതെയാണ് പറങ്കിപ്പട പ്രീക്വാര്‍ട്ടറിലെത്തിയത്. കളിച്ച മൂന്നു മല്‍സരങ്ങളിലും സമനില വഴങ്ങിയ പോര്‍ച്ചുഗല്‍ ഗ്രൂപ്പുഘട്ടത്തിലെ മികച്ച നാലു ടീമുകളിലൊന്നായി കഷ്ടിച്ച് നോക്കൗട്ട്‌റൗണ്ടില്‍ കടന്നുകൂടുകയായിരുന്നു.
കരുത്തരായ ക്രൊയേഷ്യക്കെതിരേയുള്ള പ്രീക്വാര്‍ട്ടറില്‍ അധികസമയത്തു നേടിയ ഒരു ഗോളില്‍ തൂങ്ങി ഒരിക്കല്‍ക്കൂടി പോര്‍ച്ചുഗല്‍ രക്ഷപ്പെട്ടു. ഈ കളിയില്‍ നിശ്ചിതസമയത്ത് ഗോളിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാന്‍ പോര്‍ച്ചുഗലിനായിരുന്നില്ല.
Next Story

RELATED STORIES

Share it