പോലീസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്

കായംകുളം: പോലിസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ പടീറ്റതില്‍ ശരണ്യ പോലിസിലെ വിവിധ തസ്തികകളില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് 29 പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിന്റെ തുടര്‍ന്നുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചതായി ജില്ലാ പോലിസ് മേധാവി ബി സുരേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റിമാന്‍ഡിലായിരുന്ന ശരണ്യയെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കുകയും പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകരോട് സംഭവത്തിനു പിന്നില്‍ ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെ ചിലര്‍ക്കു ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി തന്നെ ഉപദ്രവിച്ചതായും ശരണ്യ പറഞ്ഞിരുന്നു. തൃക്കുന്നപ്പുഴ സ്റ്റേഷനിലെ ഒരു പോലിസ് ഉദ്യോഗസ്ഥനും ഇതുമായി ബന്ധമുണ്ടെന്ന് ശരണ്യ പറഞ്ഞിരുന്നു.
ഇതോടെ ലോക്കല്‍ പോലിസ് കേസ് അന്വേഷിച്ചാല്‍ കേസ് ഒതുക്കാന്‍ ശ്രമിക്കുമെന്ന സംശയം ഉയരുമെന്നതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലിസ് മേധാവി ഡിജിപിക്ക് കത്തു നല്‍കിയത്. ഈ സംഭവം രാഷ്ട്രീയമായി മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോയെന്നും അന്വേഷണത്തിന്റെ ഭാഗമാക്കും. ശരണ്യയെ ജയിലില്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്. കൂട്ടുപ്രതിയായ ഹരിപ്പാട് കുമാരപുരം ശിവശൈലത്തില്‍ രാജേഷ്, ശരണ്യയുടെ മാതാപിതാക്കളായ അജിത, സുരേന്ദ്രന്‍, ബന്ധു ശംഭു എന്നിവര്‍ റിമാന്‍ഡിലാണ്. ശരണ്യയുടെ ഭര്‍ത്താവ് സീതത്തോട് മടന്തല്‍പാറ പ്രദീപിനെ പോലിസ് അന്വേഷിച്ചെങ്കിലും പിടികൂടാനായില്ല. ഡിവൈഎസ്പി ദേവമനോഹര്‍, സിഐ ഉദയഭാനു, എസ്‌ഐ അബ്ദുല്‍ സമദ് വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it