പോലിസ് സ്‌റ്റേഷന്‍ ആക്രമണം: ബിജെപി മണ്ഡലം സെക്രട്ടറി അറസ്റ്റില്‍

കൊട്ടാരക്കര: ആര്‍എസ്എസ്-ബിജെപി സംഘം അര്‍ധരാത്രിയില്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അടക്കം അഞ്ചു പ്രതികള്‍ കൂടി അറസ്റ്റില്‍. ബിജെപി കൊട്ടാരക്കര നിയോജക മണ്ഡലം സെക്രട്ടറി അമ്പലക്കര വൃന്ദാവനം വീട്ടില്‍ രമേശ്(41), കിള്ളൂര്‍ ഹരിനിവാസില്‍ ഉണ്ണി(30), കോട്ടാത്തല പത്തടി സഞ്ജയ ഭവനത്തില്‍ സാബു എന്നു വിളിക്കുന്ന ഷാബു(37), എഴുകോണ്‍ സ്‌നേഹാലയത്തില്‍ കോഴി സാബു എന്നുവിളിക്കുന്ന സാബു(33), കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര നന്ദാവനം വീട്ടില്‍ സജീവ്കുമാര്‍(55) എന്നിവരെയാണ് പോലിസ് പിടികൂടിയത്. ഇവര്‍ കേസിലെ 10 മുതല്‍ 14 വരെ പ്രതികളാണ്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

പോലിസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലായ പ്രതികള്‍. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം 15 വീടുകളില്‍ പരിശോധന നടത്തി. സംഭവത്തിനു പിന്നില്‍ 70 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളില്‍ പലരും ഒളിവിലാണ്. പിടിക്കപ്പെട്ട ഹരിദാസ് മറ്റു രാഷ്ട്രീയ കേസുകളിലും പ്രതിയാണെന്ന് ഡിവൈഎസ്പി പറഞ്ഞു. കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ഒന്നാം പ്രതി ബിനീഷിനെ ചികില്‍സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നും എഴുപതോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി വിവിധ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ ഊര്‍ജിതമായ തിരച്ചില്‍ നടന്നു വരുന്നു. ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരുടെ വിവരങ്ങളും പോലിസ് ശേഖരിച്ചു വരുന്നുണ്ട്. 15 ദിവസത്തിനകം പ്രതികളെ മുഴുവന്‍ പിടികൂടണമെന്നാണ് ഐജി നല്‍കിയ നിര്‍ദേശം. ഇതിനിടയില്‍ കുറച്ചു പ്രതികളെ പോലിസിനു മുന്നില്‍ ഹാജരാക്കി പോലിസിന്റെ വ്യാപകമായ തിരച്ചിലിന്റെ ശക്തി കുറയ്ക്കാനുള്ള നീക്കത്തിലാണ് സംഘപരിവാര സംഘടനകള്‍.
Next Story

RELATED STORIES

Share it