പോലിസ് സ്‌റ്റേഷന്‍ ആക്രമണം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

പോലിസ് സ്‌റ്റേഷന്‍ ആക്രമണം; ആര്‍എസ്എസ്  പ്രവര്‍ത്തകര്‍ പിടിയില്‍
X
RSS

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ആര്‍എസ്എസ്-ബിജെപി സംഘം പോലിസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് മുന്‍ താലൂക്ക് ഭാരവാഹി എഴുകോണ്‍ സ്വദേശി ശ്രീനിവാസന്‍(36), കോട്ടാത്തല സ്വദേശി ഹരിദാസ്(40), ആര്‍എസ്എസ് മുഖ്യ ശിക്ഷക് വല്ലം നെടിയവിള വീട്ടില്‍ വിഷ്ണുകുമാര്‍(24) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പോലിസ് പിടികൂടിയത്. ഇവര്‍ കേസിലെ ഏഴു മുതല്‍ ഒമ്പതുവരെ പ്രതികളാണ്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ അറസ്റ്റിലായി.
പോലിസ് സ്റ്റേഷന്‍ ആക്രമണത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് ഡിവൈഎസ്പി എ അശോകന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം പതിനഞ്ച് വീടുകളില്‍ പരിശോധന നടത്തി. സംഭവത്തിനു പിന്നില്‍ 70 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളില്‍ പലരും ഒളിവിലാണ്. പിടിക്കപ്പെട്ട ഹരിദാസ് മറ്റു രാഷ്ട്രീയ കേസുകളിലും പ്രതിയാണെന്ന് ഡിവൈഎസ്പി പറഞ്ഞു. കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ഒന്നാം പ്രതി ബിനീഷിനെ ചികില്‍സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോട്ടാത്തലയില്‍ ഉല്‍സവ ഡ്യൂട്ടിക്കെത്തിയ കൊട്ടാരക്കര എസ്‌ഐ ശിവപ്രകാശ് ബൈക്കില്‍ സഞ്ചരിച്ച മൂന്നു പേരെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു.
തുടര്‍ന്ന്, ആര്‍എസ്എസ് കൊട്ടാരക്കര താലൂക്ക് പ്രചാരക് തിരുവനന്തപുരം, ധനുവച്ചപുരം, വിടിഎം എന്‍എസ്എസ് കോളജിന് സമീപം ആര്‍ വി സദനത്തില്‍ ബിനീഷ് (27) എന്നിവര്‍ എസ്‌ഐയെ കൈയേറ്റം ചെയ്യുകയും പോലിസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് കല്ലേറ് നടത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. പോലിസ് ജീപ്പിനു നേരെയും ആക്രമണമുണ്ടായി. മണിക്കൂറുകളോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സമീപ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലിസ് എത്തിയതോടെയാണ് അക്രമിസംഘം പിന്‍വാങ്ങിയത്.
Next Story

RELATED STORIES

Share it