പോലിസ് സേനയുടെ 560 പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കി

തിരുവനന്തപുരം: പോലിസ് സേനയ്ക്കായി വാങ്ങിയ 560 വാഹനങ്ങളുടെ ഫഌഗ് ഓഫ് തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. പുതുതായി ഇത്രയും വാഹനങ്ങള്‍കൂടി ലഭ്യമാവുന്നതോടെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാനും പോലിസിനു കഴിയുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
പഴകിയ വാഹനങ്ങള്‍ കാരണം സ്റ്റേഷനുകളില്‍ പോലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാവുന്ന പല പരിമിതികളും ഇതോടെ ഇല്ലാതാവും. മാവോവാദി ഭീഷണി ഉള്‍പ്പെടെയുള്ള പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പോലിസിനെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങള്‍ വാങ്ങുന്നതിന് ബജറ്റിനു പുറമേയായി പ്രത്യേക ഫണ്ട് അനുവദിച്ചത്.
ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പോലിസ് സ്റ്റേഷനുകള്‍ക്ക് അത്യാവശ്യ ചെലവുകള്‍ക്കായി ഇംപ്രസ് മണി അനുവദിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വാദിയുടെയോ പ്രതിയുടെയോ സഹായമില്ലാതെ അത്യാവശ്യ ചെലവുകള്‍ നിര്‍വഹിക്കാനാവുന്ന സ്ഥിതിയിലേക്ക് പോലിസ് സ്റ്റേഷനുകള്‍ വരും.
കെ മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. 560 വാഹനങ്ങള്‍ക്കായി 42.20 കോടി രൂപ അനുവദിച്ചതില്‍ 7.20 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞുവെന്നും ഈ തുകയ്ക്കു കൂടി പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു. എഡിജിപിമാരായ അരുണ്‍കുമാര്‍ സിന്‍ഹ, എ ഹേമചന്ദ്രന്‍, എന്‍ ശങ്കര്‍ റെഡ്ഡി, ഡോ. ബി സന്ധ്യ, അനില്‍കാന്ത് പങ്കെടുത്തു.
Next Story

RELATED STORIES

Share it