പോലിസ് സേനയിലെ മുസ്‌ലിം പ്രാതിനിധ്യം അറിയാന്‍ മാര്‍ഗമില്ല

ന്യൂഡല്‍ഹി: പോലിസ് ഗവേഷണ വികസന ബ്യൂറോയുടെ (ബിപിആര്‍ഡി) റിപോര്‍ട്ടില്‍ പോലിസ് സേനയിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കണക്കില്ല. 2014 വര്‍ഷത്തിലെ ബ്യൂറോയുടെ വെബ്‌സൈറ്റിലാണ് മുസ്‌ലിംകളുടെ വിവരം ലഭ്യമല്ലാത്തത്. പോലിസ് സേനയിലെ പട്ടികജാതി, പട്ടികവര്‍ഗം, മുസ്‌ലിം എന്നീ വിഭാഗങ്ങളുടെ പ്രാതിനിധ്യം 2013വരെ നാഷ്‌നല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 2015 ആഗസ്തില്‍ ബ്യൂറോ പുറത്തിറക്കിയ റിപോര്‍ട്ടില്‍ പോലിസിന്റെ സ്ഥിതിവിവര കണക്കുകള്‍ ഇനിമേലില്‍ പ്രസിദ്ധീകരിക്കുകയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം വിവരങ്ങള്‍ ബിപിആര്‍ഡി ശേഖരിക്കുന്നതുകൊണ്ടാണ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഇതില്‍ നിന്നു പിന്മാറിയത്. എന്നാല്‍ 2014 ലെ ബിപിആര്‍ഡിയുടെ റിപോര്‍ട്ടില്‍ പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങളുടെ പോലിസ് സേനയിലെ പ്രാതിനിധ്യം രേഖപ്പെടുത്തിയെങ്കിലും മുസ്‌ലിം വിഭാഗത്തിന്റേത് ഉള്‍പ്പെടുത്തിയിട്ടില്ല.
2013 വരെയുള്ള ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപോര്‍ട്ടില്‍ വര്‍ഷങ്ങളായി തുടരുന്ന പോലിസ് സേനയിലെ മുസ്‌ലിം പ്രാതിനിധ്യത്തിലുള്ള കുറവ് വ്യക്തമായിരുന്നു.
2011ലെ കാനേഷുമാരി പ്രകാരം മുസ്‌ലിംകളുടെ ജനസംഖ്യ 14.23 ശതമാനമാണ്. 17.3 ലക്ഷം അംഗങ്ങളുള്ള പോലിസ് സേനയില്‍ 2013ല്‍ മുസ്‌ലിംകള്‍ 6.27 ശതമാനം മാത്രമാണുള്ളത്. 2010 ല്‍ 6.91 ശതമാനമായിരുന്നു മുസ്‌ലിം പ്രാതിനിധ്യം. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ 0.64 ശതമാനം കുറഞ്ഞു.
5.86 ശതമാനം മുസ്‌ലിംകളുള്ള തമിഴ്‌നാട്ടില്‍ ഒരുലക്ഷം പോലിസുകാരില്‍ 2009ല്‍ 3.5 ശതമാനമായിരുന്നു മുസ്‌ലിം പ്രാതിനിധ്യം. 2013 ആയപ്പോള്‍ അത് 1.82 ശതമാനമായി കുറഞ്ഞു. എന്നാല്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ പ്രാതിനിധ്യം വര്‍ഷം തോറും കൂടിവരികയാണ് ചെയ്തത്.
Next Story

RELATED STORIES

Share it