Alappuzha local

പോലിസ് റെയ്ഡ്; കഞ്ചാവിന്റെ മൊത്തവില്‍പ്പനക്കാരനുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

അമ്പലപ്പുഴ: കഞ്ചാവിന്റെ മൊത്ത വില്‍പ്പനക്കാരനുള്‍പ്പെടെ രണ്ടുപേരെ പുന്നപ്ര പോലിസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് റെയില്‍വേ കോളനിയില്‍ നടുവിലെ വീട്ടില്‍ ആല്‍ബര്‍ട്ട്(69), പുന്നപ്ര വടക്ക് പഞ്ചായത്ത് ഗലീലിയോ പള്ളിക്ക് സമീപം വടക്കേയറ്റത്ത് വീട്ടില്‍ പ്രവീണ്‍(21) എന്നിവരെയാണ് പുന്നപ്ര എസ്.ഐ. പ്രതാപ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ഇരുവരില്‍നിന്നും ചെറിയ പൊതികളിലാക്കി വില്‍പ്പനക്കായി സൂക്ഷിച്ച 300 ഗ്രാം കഞ്ചാവും ഇരുവരില്‍നിന്നും കണ്ടെടുത്തു.
കമ്പത്ത് നിന്ന് കെഎസ്ആര്‍ടിസി ബസ്സില്‍ ആല്‍ബര്‍ട്ട് എത്തിക്കുന്ന കിലോക്കണക്കിന് കഞ്ചാവ് പ്രവീണാണ് ചെറിയ പൊതികളിലാക്കി പുന്നപ്ര-അമ്പലപ്പുഴ ഭാഗങ്ങളില്‍ വിതരണം ചെയ്തിരുന്നതെന്ന് പോലിസ് പറഞ്ഞു. 6000 രൂപക്ക് ആല്‍ബര്‍ട്ടില്‍നിന്ന് ലഭിക്കുന്ന കഞ്ചാവ് 30,000 രൂപക്കാണ് പ്രവീണ്‍ ചില്ലറ വില്‍പ്പന നടത്തിയിരുന്നത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികൂടിയായ പ്രവീണ്‍ രണ്ട് വര്‍ഷംമുമ്പാണ് കഞ്ചാവ് വില്‍പ്പനയാരംഭിച്ചത്. നര്‍ക്കോട്ടിക് സെല്ലിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്ന ഇയാളെ ഒരു തവണപോലും കഞ്ചാവുമായി പിടികൂടാനായില്ല. കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന വിവരമറിഞ്ഞ് എത്തിയ പോലിസ് പറവൂര്‍ കടപ്പുറത്തുനിന്നാണ് പ്രവീണിനെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആല്‍ബര്‍ട്ടിനെ വിയാനി കടപ്പുറത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും ഇന്ന കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it