Kollam Local

പോലിസ് യുവാവിനെ കൊലപ്പെടുത്തിയതായി ബന്ധുക്കള്‍

കൊല്ലം: പോലിസ് കസ്റ്റഡിയിലെടുത്ത ശേഷം കോടതി വിട്ടയച്ച യുവാവിനെ കാണാതായിട്ട് ഒരുവര്‍ഷം പിന്നിടുമ്പോഴും ഇദ്ദേഹത്തെ കണ്ടെത്താനായില്ല. അതേസമയം, യുവാവിനെ പോലിസ് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായി ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ആണ്ടാമുക്കം കുളത്തില്‍ പുരയിടത്തില്‍ വിശ്വഭവനില്‍ കൃഷ്ണകുമാറിനെ (40)യാണ് ഒരു വര്‍ഷമായി കാണാതായത്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായി മാതാവ് രാജമ്മയും സഹോദരന്‍ അനില്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2014 നവംബര്‍ വൈകീട്ട് ആറോടെയാണ് വീട്ടില്‍ നിന്ന് മീന്‍വാങ്ങാനെന്ന് പറഞ്ഞ് പുറത്തുപോയത്. പിന്നീട് തിരിച്ചുവന്നിട്ടില്ല. മകന് എന്തുസംഭവിച്ചു എന്ന കാര്യത്തില്‍ യാതൊരു വിവരവുമില്ലെന്ന് മാതാന് രാജമ്മ പറഞ്ഞു.അതേസമയം, കൃഷ്ണകുമാറിന്റെ തിരോധാനം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി കൊല്ലം പുള്ളിക്കട കോളനിയില്‍ രതീഷ് ഭവനില്‍ താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ രതീഷ് ഇവരോടൊപ്പം വാര്‍ത്താസമ്മേളനത്തിന് എത്തി.
രതീഷ് പറയുന്നത്: 2014 നവംബര്‍ 11ന് രാത്രി 7.45ന് വീട്ടില്‍ നിന്ന് റോഡിലേക്ക് വരുമ്പോള്‍ സമീപത്തെ കലുങ്കില്‍ കൃഷ്ണകുമാര്‍ ഇരിക്കുന്നത് കണ്ടു. ഇരുവരും സംസാരിച്ച് നില്‍ക്കുമ്പോള്‍ ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷാഡോ പോലിസിലെ അംഗങ്ങളായ ഹരിലാല്‍, അനന്‍ബാബു, ജോസ്പ്രകാശ്, സജിത് എന്നിവര്‍ ക്വാളിസ് വാഹനത്തില്‍ സ്ഥലത്തെത്തി.
വന്നപാടെ പുറത്തിറങ്ങിയ പോലിസുകാര്‍ കൃഷ്ണകുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ഇരുകൈകളും പുറകെപ്പിടിച്ച് തോര്‍ത്തുകൊണ്ട് വരിഞ്ഞുകെട്ടി കാറില്‍ കയറ്റി കൊണ്ടുപോയി. ഇത് കണ്ടുനിന്ന തന്നെ പോലിസുകാര്‍ തെറിവിളിച്ച് ഭീഷണിപ്പെടുത്തി ഓടിച്ചു.
ഇതിനുശേഷം ഈ പോലിസുകാര്‍ നിരന്തരം വേട്ടയാടുകയാണ്. രാത്രി പലദിവസങ്ങളിലും അതിക്രമിച്ച് കയറി. കൊല്ലം നഗരത്തില്‍ കണ്ടുപോകരുതെന്നാണ് ഭീഷണി. കള്ളക്കേസില്‍ കുടുക്കുമെന്നും കൃഷ്ണകുമാറിന്റെ അനുഭവം ഉണ്ടാകുമെന്നും പറഞ്ഞ് വീട്ടുകാരെയും ഭീഷണിപ്പെടുത്തി. ഇതുകാരണം ഇപ്പോള്‍ കൊല്ലം നഗരത്തിലല്ല താമസിക്കുന്നത്. അടുത്തിടെ കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ തന്റെ ബൈക്ക് ഈ പോലിസുകാര്‍ എടുത്തുകൊണ്ടുപോയി കള്ളക്കേസ് ചാര്‍ജ് ചെയ്തു. ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ ഈ പോലിസുകാര്‍ തന്നെ ഏതുവിധേനെയും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും രതീഷ് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത കൃഷ്ണകുമാറിനെ പോലിസ് മൂന്നാംമുറകള്‍ക്ക് വിധേയമാക്കി കൊലപ്പെടുത്തി മൃതദേഹം ഈസ്റ്റ്‌പോലിീസ് സ്റ്റേഷന്‍ വളപ്പില്‍ തന്നെ കുഴിച്ചിട്ടു എന്നാണ് മാതാവും സഹോദരനും പറയുന്നത്. ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ വളപ്പിലെ പോലീിസ് മ്യൂസിയത്തില്‍ കൊണ്ടുപോയാണ് മര്‍ദിച്ചതെന്നും ഇവര്‍ പറയുന്നു. മാത്രമല്ല കൃഷ്ണകുമാറിനെ കാണാതായി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്റ്റേഷന്‍ വളപ്പില്‍ എസ്‌കവേറ്റര്‍ കൊണ്ടുവന്ന് കുഴിയെടുക്കുകയും ചില കുഴികള്‍ മൂടിയതായും ഇവര്‍ പറയുന്നു. മാലിന്യം നീക്കം ചെയ്യുന്നു എന്ന മറവിലാണ് എസ്‌കവേറ്റര്‍ കൊണ്ടുവന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പുതിയ പരാതി നല്‍കിയിരിക്കയാണ്.
കൃഷ്ണകുമാറിനെ കാണാതായത് സംബന്ധിച്ച് സഹോദരന്‍ അനില്‍കുമാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. ഇങ്ങനെയൊരാളെ തങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും നിരവധി കേസുകളില്‍ പ്രതിയായ കൃഷ്ണകുമാര്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുകയാണെന്നുമാണ് ഇതിന് പോലിസ് നല്‍കിയ മറുപടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഹരജി തീര്‍പ്പാക്കി. ഇതിനുശേഷം തനിക്കും ഈ പോലിസുകാരില്‍ നിന്ന് നിരന്തരം ഭീഷണി നേരിടുകയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ചിന്നക്കടയിലെ കടയ്ക്ക് മുന്നില്‍ മഫ്തിയിലെത്തി നിരവധി തവണ ഭീഷണിപ്പെടുത്തി. ഈ പോലിസുകാരെ ഭയന്ന് അനില്‍കുമാര്‍ ഇപ്പോള്‍ രാത്രി പുറത്തിറങ്ങാറില്ല.
ഓട്ടോറിക്ഷ ഡ്രൈവര്‍ രതീഷിന്റെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണകുമാറിന്റെ മാതാവ് അഡ്വ.എ എന്‍ രാജന്‍ബാബു മുഖാന്തിരം ഹൈക്കോടതിയില്‍ പുതിയ കേസ് നല്‍കിയിരിക്കയാണ്. ഇതോടെ പോലിസുകാര്‍ രതീഷിനെ വേട്ടയാടാന്‍ പോലിസുകാര്‍ നിഴല്‍പോലെ പിന്തുടരുകയാണ്. ജെഎസ്എസ്-രാജന്‍ബാബു വിഭാഗം ജില്ലാ പ്രസിഡന്റ് സുധാകരന്‍ പള്ളത്തും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it