പോലിസ് മര്‍ദ്ദനം; മനംനൊന്ത് യുവാവ് ജീവനൊടുക്കി

മരട്(കൊച്ചി): പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കുണ്ടന്നൂര്‍ ആലപ്പാട്ട് ലെയിനില്‍ കണക്കത്തറയില്‍ പരേതനായ മോഹനന്റെ മകന്‍ സുഭാഷ് (35) ആണ് ആത്മഹത്യ ചെയ്തത്. മരട് ജനമൈത്രി പോലിസ് എസ്‌ഐ ആര്‍ സന്തോഷാണ് സുഭാഷിനെ മര്‍ദ്ദിച്ചതെന്നു സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു. കണ്ണിനു കാഴ്ചക്കുറവുള്ള സുഭാഷ് ശനിയാഴ്ച വൈകീട്ട് കൂട്ടുകാരന്റെ കുട്ടിയുടെ മാമോദിസ ചടങ്ങില്‍ പങ്കെടുക്കാന്‍ കുണ്ടന്നൂര്‍ ഇ കെ നായനാര്‍ ഹാളിലേക്കു വൈകീട്ട് നടന്നു വരുമ്പോഴായിരുന്നു സംഭവം.
ഹാളിന്റെ ഗേറ്റിനു മുമ്പില്‍ നിന്ന എസ്‌ഐയും കൂട്ടരും സുഭാഷിനോട് എവിടെപ്പോണെടാ എന്നു ചോദിച്ചപ്പോള്‍ സുഹൃത്തുക്കളാണെന്നു വിചാരിച്ച് എസ്‌ഐയോട് എന്താടാ എന്നു ചോദിച്ചതാണ് മര്‍ദ്ദിക്കാന്‍ കാരണമായത്. പോലിസുമായി സംസാരിച്ചു നില്‍ക്കുന്ന സുഭാഷിനെ കണ്ട സുഹൃത്തുക്കള്‍ കാര്യം തിരക്കി പോലിസിന്റെയടുത്തേക്കു ചെന്നെങ്കിലും എല്ലാവരെയും വിരട്ടിയോടിച്ചശേഷം സുഭാഷിനെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു.
തുടര്‍ന്ന് സുഭാഷിന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ സ്റ്റേഷനിലെത്തി ജാമ്യത്തിലിറക്കിയെങ്കിലും സുഭാഷിനെ തല്ലിയതെന്തിനാണെന്ന് എസ്‌ഐയോട് ചോദിച്ചതോടെ തിരിച്ച് സ്‌റ്റേഷനകത്തേക്കു കയറ്റി വീണ്ടും മര്‍ദ്ദിച്ചു. തുടര്‍ന്ന് കേസ് ചാര്‍ജ് ചെയ്തു. പിന്നീട് രാത്രി 10 മണിയോടെ ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ രാവിലെ ഭാര്യ ക്ഷേത്രത്തില്‍ പോയി 8.30ഓടെ തിരിച്ചുവരുമ്പോള്‍ റൂമിലെ ഫാനില്‍ സുഭാഷ് തൂങ്ങിനില്‍ക്കുന്നതാണു കണ്ടത്. ഉടന്‍ തന്നെ അയല്‍വാസികളുടെ സഹായത്തോടെ സുഭാഷിനെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എസ്‌ഐ സന്തോഷ് മര്‍ദ്ദിച്ചതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാരോപിച്ച് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, സിബി ടോം എന്നിവര്‍ക്കു പരാതി നല്‍കി.
സംഭവത്തില്‍ മരട് പോലിസിനെ പൂര്‍ണമായും കേസില്‍ നിന്നു മാറ്റി അന്വേഷണം നടത്തുമെന്നു ബിജോ അലക്‌സാണ്ടര്‍ പറഞ്ഞു. അസിസ്റ്റന്റ് തഹസില്‍ദാര്‍ ആശുപത്രിയില്‍ എത്തി മേല്‍നടപടികള്‍ സ്വീകരിച്ച് സുഭാഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മേഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. സുധയാണ് സുഭാഷിന്റെ മാതാവ്. ഭാര്യ: ചിത്ര. സഹോദരങ്ങള്‍: രാജേഷ്, സുജാത, സുമ.
Next Story

RELATED STORIES

Share it