പോലിസ് പൊതുജനത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തരുത്: ജ. നാരായണക്കുറുപ്പ്‌

കൊച്ചി: പോലിസ് പൊതുജനങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തരുതെന്നു സംസ്ഥാന പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. ക്രിമിനല്‍ കുറ്റം ചെയ്ത ഒരു പോലിസുകാരന്‍ അതില്‍ നിന്നു രക്ഷപ്പെടാന്‍ വ്യാജ തെളിവുകള്‍ ചമയ്ക്കുന്നതു ഗുരുതരമായ കുറ്റമായി കാണണമെന്നും പോലിസുകാര്‍ക്കെതിരായ പരാതി പരിഗണിക്കവെ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കി. നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പോലിസിനെ സമീപിക്കുന്നവര്‍ക്ക് അത്തരം സംവിധാനത്തില്‍ തന്നെ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവരുത്. പല സംഭവങ്ങളിലും പോലിസ് സാധാരണ ഗുണ്ടകളെപ്പോലെ പെരുമാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും വീട്ടുകാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു ശരിയായ അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. മര്‍ദ്ദനമേറ്റവര്‍ക്ക് ടോക്കണ്‍ നഷ്ടപരിഹാരമെന്ന നിലയില്‍ 25,000 രൂപ നല്‍കണം. കേസന്വേഷണം ശരിയായി നടത്താതെ പ്രതിയായ പോലിസ് ഉദ്യോഗസ്ഥനെ സഹായിക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍മാരെയും ജസ്റ്റിസ് നാരായണക്കുറുപ്പ് താക്കീത് ചെയ്തു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ അവിശ്വസനീയമായ റിപോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ശിക്ഷാര്‍ഹമായ കുറ്റം ചെയ്ത ഒരാളെ രക്ഷിക്കാന്‍ തെറ്റായ രേഖകള്‍ ചമയ്ക്കുന്നതും തെറ്റാണ്. പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ അതോറിറ്റി പോലിസ് അന്വേഷണം ശരിയായ ദിശയിലായിരുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. 2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മാവേലിക്കര ചുങ്കപ്പുര വീട്ടില്‍ ലളിതാമ്മാള്‍, പിഡബ്ല്യൂഡി എന്‍ജിനീയറായ ഭര്‍ത്താവ് കാര്‍ത്തികേയന്‍ എന്നിവരെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് ലളിതാമ്മാള്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ ഉടനെ രൂപീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശംനല്‍കി. അന്വേഷണ റിപോര്‍ട്ട് രണ്ടു മാസത്തിനുള്ളില്‍ അതോറിറ്റി മുമ്പാകെ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it