പോലിസ് പീഡിപ്പിക്കുന്നതായി സോണി സോറിയുടെ കുടുംബം

പോലിസ് പീഡിപ്പിക്കുന്നതായി  സോണി സോറിയുടെ കുടുംബം
X
SONY-SORY

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക സോണി സോറിയുടെ കുടുംബത്തെ ബസ്തര്‍ പോലിസ് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി ബന്ധുക്കള്‍. സോണി സോറിക്കെതിരേ അടുത്തിടെ നടന്ന ആക്രമണത്തിനു ശേഷമാണ് ഇത്തരത്തില്‍ ഭീഷണിയെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ വിഷയത്തില്‍ ഇടപെടണമെന്നും മരുമകന്‍ ലിംഗറാം കൊഡോപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കാനുള്ള ശ്രമമാണ് പോലിസ് നടത്തുന്നത്. ബന്ധുക്കളെ പോലിസ് പിടിച്ചുകൊണ്ടുപോവുകയും സോണിക്കെതിരായ ആക്രമണം അവര്‍ക്കു പിന്തുണ ലഭിക്കുന്നതിനുവേണ്ടി നടത്തിയ നാടകമാണെന്ന തരത്തില്‍ മൊഴിനല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. സോറിയുടെ പിതാവിനെയും രണ്ടു ബന്ധുക്കളെയും പോലിസ് പിടിച്ചുകൊണ്ടു—പോയി പീഡിപ്പിച്ചിരുന്നു.
തങ്ങളെ കുറ്റവാളികളാക്കാനാണ് പോലിസിന്റെ ശ്രമം. സോണി സോറിക്കെതിരേ നടന്ന ആക്രമണം വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നു വരുത്തിത്തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. അന്വേഷണസംഘം താനുള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നു കാണിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു കത്തയച്ചിട്ടണ്ടെന്നും ലിംഗറാം കൊഡോപി അറിയിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍ വച്ച് സോണി സോറിയെ വേശ്യയെന്നുവിളിച്ചതായി പിതാവ് അറിയിച്ചിരുന്നു.
തങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇയാള്‍ തന്നെ ഇതിനു മുമ്പ് കേസില്‍ കുടുക്കിയിട്ടുണ്ട്. കേസില്‍ ഇടപെടുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലും വിമുഖത കാണിക്കുന്നുണ്ടെന്നും കൊഡോപി പറഞ്ഞു.
കഴിഞ്ഞ മാസമായിരുന്നു സോണി സോറിക്കെതിരേ ആസിഡ് ആക്രമണം നടന്നത്. ഛത്തീസ്ഗഡിലെ ജഗ്ദല്‍പൂരിലും ഡല്‍ഹിയിലുമുള്ള ആശുപത്രികളില്‍ ചികില്‍സയില്‍ കഴിഞ്ഞ സോണി സോറി ഈ മാസമാദ്യമാണ് വീട്ടില്‍ തിരിച്ചെത്തിയത്.
Next Story

RELATED STORIES

Share it