palakkad local

പോലിസ് പരിശോധന ഒഴിവാക്കിയത് തട്ടിപ്പുകാര്‍ക്ക് രക്ഷയാവുന്നു

എം വി വീരാവുണ്ണി

പട്ടാമ്പി: അളവ് തൂക്ക കൃത്രിമങ്ങളില്‍ ഇടപെടരുതെന്ന പോലിസ് സംസ്ഥാന മേധാവിയുടെ ഉത്തരവ് തട്ടിപ്പുകാര്‍ക്ക് രക്ഷാകവചമാവുന്നു. നിലവില്‍ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവര്‍ക്ക് താലൂക്ക്തല ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരെ കൂടാതെ ലോക്കല്‍ പോലിസ് എടുത്തിരുന്ന ഇടപെടല്‍ ഒരു പരിധിവരെ ഗുണകരമായിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പോലിസ് സമര്‍പ്പിക്കുന്ന എഫ് ഐആറിന് നിയമസാധുത ഇല്ലെന്ന് സ്ഥിരീകരിച്ചതിന്റെ ബാക്കിപത്രമായാണ് നിയമ വിദഗ്ധര്‍ ഈ ഉത്തരവിനെ വിലയിരുത്തുന്നത്.
സാധാരണ അളവ്, തൂക്ക തട്ടിപ്പുകളില്‍ പരാതിക്കാര്‍ അടുത്ത പോലിസ് സ്‌റ്റേഷനുകലിലാണ് പരാതികള്‍ നല്‍കിയിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യുന്ന പോലിസ് ലീഗല്‍ മെട്രോളജി വകുപ്പിനും കോടതികള്‍ക്കും കൈമാറുകയാണ് പതിവ്. എന്നാല്‍ 2009 ലെ ലീഗല്‍ മെട്രോളജി നിയമപ്രകാരം 153ാം വകുപ്പനുസരിച്ച് പോലിസിന് ഇടപെടാന്‍ അധികാരമില്ലെന്നാണ് ഡിജിപി സെന്‍കുമാറിന്റെ സര്‍ക്കുലറില്‍ പറയുന്നത്.
1985ലുണ്ടായിരുന്ന നിയമങ്ങളുടെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് 2009 ല്‍ പുറത്തിറക്കിയ ഉത്തരവിന്‍ പ്രകാരം അളവ്, തൂക്കം എന്നിവയിലെ ക്രമക്കേടുകള്‍ അവയുടെ ശിക്ഷ, കുറ്റങ്ങള്‍, ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ എന്നിവ അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ലീഗല്‍ മെട്രോളജി വകുപ്പിന് സംസ്ഥാനത്തെ പല താലൂക്ക് കേന്ദ്രങ്ങളിലും ഓഫിസ് പോലുമില്ലാത്ത അവസ്ഥയാണ്.
ഉള്ളവയില്‍ തന്നെ മതിയായ ജീവനക്കാരോ അത്യാവശ്യത്തിന് യാത്ര ചെയ്യാന്‍ വാഹനമോ ഇല്ല. വസ്തുത ഇതായിരിക്കേ എവിടേ നിന്നെങ്കിലും പരാതി വന്നാല്‍ പോലും അവ അന്വേഷിക്കാന്‍ കാലതാമസമെടുക്കുന്നു. പരിധിക്കപ്പറുമുള്ള കാലതാമസം നീതി നിഷേധിക്കുന്നതിന് തുല്യമാണ്.
മെട്രോളജി വകുപ്പിന് ശാഖകളില്ലാത്ത താലൂക്കുകളില്‍ ഓഫിസ് തുറക്കുകയും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും ചെയ്താല്‍ ഒരു പരിധിവരെയെങ്കിലും പരിഹാരമാകുമെന്നാണ് ജനകീയാഭിപ്രായം.
Next Story

RELATED STORIES

Share it