World

പോലിസ് നിയമനത്തട്ടിപ്പ് കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കായംകുളം: പോലിസ് നിയമനത്തട്ടിപ്പു കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ പാനൂര്‍ തറയില്‍ നൈസലി(27)നെയാണ് ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ മുഖ്യപ്രതി ശരണ്യ ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റിലായി.ശരണ്യയുടെ സമീപവാസിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന നൈസലിനോട് ബാങ്കില്‍ ജോലി ശരിയാക്കിത്തരണമെന്നു പറഞ്ഞ് 2013ലാണ് ശരണ്യ ആദ്യം സമീപിക്കുന്നത്. എന്നാല്‍, എന്‍സിസി സര്‍ട്ടിഫിക്കറ്റ് ഉള്ള ശരണ്യക്ക് ബാങ്ക് ജോലിയേക്കാള്‍ നല്ലത് പോലിസ് ജോലിയാണെന്നും അതിനു സഹായിക്കാമെന്നും പറഞ്ഞു. കൂടാതെ ശരണ്യവഴി സനു, രാജേഷ് എന്നിവരില്‍നിന്നായി രണ്ടര ലക്ഷം രൂപാ നൈസല്‍ നിയമനത്തിന്റെ മറവില്‍ വാങ്ങി. ഇതോടെ ഇവര്‍ തമ്മില്‍ കൂടുതല്‍ അടുപ്പമായി. താനാണ് ഇതിനു പിന്നിലെന്നു യാതൊരു കാരണവശാലും ഉദ്യോഗാര്‍ഥികള്‍ അറിയരുതെന്ന് നൈസല്‍ ശരണ്യക്കു പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍, സനുവിനെയും രാജേഷിനെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തപ്പോള്‍ ഒരു രാഷ്ട്രീയനേതാവ് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമായിരുന്നു. പിന്നീട് ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നൈസല്‍ പോലിസില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്താന്‍ കൂട്ടുനിന്നതായി തെളിഞ്ഞതായും ക്രൈംബ്രാഞ്ച് എസ്പി പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഒരു കേസില്‍ മാത്രമാണ് ഇപ്പോള്‍ നൈസല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നൈസലിന്റെ പാനൂരിലുള്ള രണ്ടു ഫാന്‍സി കടകളും വീടും ഇന്നലെ ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്തു. മന്ത്രിയുടെ ക്യാംപ് ഓഫിസിലെ സ്ഥിരം സന്ദര്‍ശകനാണ് ഇയാള്‍. അതേസമയം, ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുകയാണെന്നും തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം മാത്രമേ കൂടുതല്‍ അറസ്റ്റ് ഉണ്ടാവൂവെന്നും അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് എസ്പി പ്രദീഷ്, ഡിവൈഎസ്പിമാരായ രാധാകൃഷ്ണന്‍, ഇഖ്ബാല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it