പോലിസ് നിയമനത്തട്ടിപ്പ് ഏതന്വേഷണവും നേരിടാന്‍ തയ്യാര്‍: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോലിസ് നിയമനത്തട്ടിപ്പുകേസില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് നല്ലരീതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ എട്ടോളം പേരെ അറസ്റ്റ് ചെയ്തു. തട്ടിപ്പിനു പിന്നില്‍ ആരൊക്കെയാണെന്ന കാര്യം വരുംദിവസങ്ങളില്‍ പൊതുസമൂഹത്തിനു മനസ്സിലാവുമെന്നും ആഭ്യന്തരമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നിയമനത്തട്ടിപ്പിന് തന്റെ ഓഫിസുമായി യാതൊരു ബന്ധവുമില്ല. നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും തന്റെ ഓഫിസിലെത്തുന്നത്. ഇവര്‍ ആരൊക്കെയാണെന്ന കാര്യം തനിക്കറിയില്ല. തന്റെ ഔദ്യോഗിക സീല്‍ തട്ടിപ്പിന് ഉപയോഗിച്ചെന്ന വാര്‍ത്തകള്‍ ശരിയല്ല. പോലിസിന്റെയോ പിഎസ്‌സിയുടെയോ സീ ല്‍ പുറത്തുപോയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. തന്റെ ഓഫിസും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ല. ആരെയൊക്കെ അറസ്റ്റ് ചെയ്യണമെന്നത് ക്രൈംബ്രാഞ്ചാണ് തീരുമാനിക്കുന്നത്. മന്ത്രിയുടെ സീലുണ്ടെങ്കില്‍ ജോലി കിട്ടുമെന്നത് ആദ്യമായി കേള്‍ക്കുകയാണ്.
നിയമനത്തട്ടിപ്പിന്റെ ഭാഗമായി ഒരാള്‍ക്കുപോലും ജോലി കിട്ടിയിട്ടില്ല. ഇപ്പോള്‍ തട്ടിപ്പുകേസുകളില്‍ പിടിയിലാവുന്നവര്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകള്‍ പറയുന്നത് പുതിയ ഫാഷനായി മാറിയിരിക്കുകയാണ്. അവര്‍ പറയുന്നയാളുടെ പിന്നാലെ മാധ്യമങ്ങള്‍ പോവുകയാണ്. ഇത്തരം തരംതാണ നടപടികള്‍ ശരിയാണോയെന്ന് സാമാന്യബുദ്ധിയുള്ളവര്‍ ചിന്തിക്കണം. ആരോപണമുണ്ടായതില്‍ തനിക്കു വേദനയുണ്ട്.
പോലിസിലെ നിയമനം പിഎസ്‌സി വഴിയാണ് നടക്കുന്നതെന്നും ഇതില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നിയമനത്തട്ടിപ്പിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാന്‍ കൂട്ടാക്കാത്ത മന്ത്രി, എല്ലാം പുറത്തുവരുമെന്ന് പ്രതികരിച്ചു.
Next Story

RELATED STORIES

Share it