പോലിസ് നിയന്ത്രണം: എഎപി കോടതിയിലേക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ പോലിസ് സേനയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനു വേണമെന്നാവശ്യപ്പെട്ട് എഎപി സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നു. നേരത്തെ ഈ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അടുത്തിടെ ഡല്‍ഹിയിലുണ്ടായ ലൈംഗിക പീഡനസംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പഴയ ആവശ്യമായി എഎപി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇതു സം—ബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഡല്‍ഹി ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ സമീപിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. നിയമവിദഗ്ധരുമായി നടത്തിയ കൂടിയാലോചനകള്‍ക്കു ശേഷമാണ് എഎപി തീരുമാനം.
ഡല്‍ഹിയില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതു തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന ആക്ഷേപമുണ്ട്. നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ഡല്‍ഹി പോലിസ്. കുട്ടികള്‍ക്കു നേരെയുള്ള പീഡനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാരിനു വീഴ്ച പറ്റിയതായി കോടതി വിമര്‍ശിച്ചതും എഎപിക്കു തുണയായിട്ടുണ്ട്.
ഡല്‍ഹിയിലെ വാറ്റ് കമ്മീഷണറെ മാറ്റിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം എഎപി സര്‍ക്കാര്‍ പ്രമേയം പാസാക്കിയിരുന്നു. കമ്മീഷണര്‍ വിജയ്കുമാറിനെ മാറ്റാന്‍ നിര്‍ബന്ധിതമായ സാഹചര്യം എന്താണെന്ന് ലഫ്. ഗവര്‍ണര്‍ വിശദീകരിക്കണമെന്നായിരുന്നു പ്രമേയം. ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിനു സഹായിക്കാതിരുന്നാല്‍ വകുപ്പുതല നടപടിക്കോ പോലിസ് നടപടിക്കോ വിധേയമാവേണ്ടിവരുമെന്ന് ലഫ്. ഗവര്‍ണര്‍ ഭീഷണിപ്പെടുത്തിയെന്ന് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ലഫ്. ഗവര്‍ണറുടെ സര്‍ക്കാര്‍വിരുദ്ധ നടപടിക്കെതിരേയും എഎപി മന്ത്രിസഭ പ്രമേയം പാസാക്കി.
Next Story

RELATED STORIES

Share it