kannur local

പോലിസ് ട്രെയിനികളെ പൊരിവെയിലത്ത് റോഡില്‍ കിടത്തി; 12പേര്‍ക്ക് സൂര്യതാപമേറ്റു


കണ്ണൂര്‍: കെഎപി ബറ്റാലിയനില്‍ മൂന്നാംമുറയെന്ന് ആക്ഷേപം. മുടി മുറിച്ചത് ശരിയായില്ലെന്നാരോപിച്ച് പോലിസ് ട്രെയിനികളെ പൊരിവെയിലത്ത് ടാര്‍റോഡില്‍ മണിക്കൂറുകളോളം കിടത്തി ശിക്ഷിച്ചു. ഇതിന്റെ ഫലമായി 12 പേര്‍ക്ക് സൂര്യതാപവും മാരകപൊള്ളലുമേറ്റു. സംഭവം വിവാദമായതോടെ കുറ്റക്കാരനായ ഹവില്‍ദാറെ രക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ് ഇടപെട്ടതായും ആരോപണമുണ്ട്. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലാണ് പ്രാകൃത ശിക്ഷാനടപടി അരങ്ങേറിയത്. പോലിസുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെ കമാന്‍ഡന്റ് കെ പി ഫിലിപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് സംഭവം. പുതിയ ട്രെയിനിബാച്ചിലെ 12 പേര്‍ മുടിമുറിച്ചത് ശരിയായ രീതിയിലല്ലെന്ന കാരണം പറഞ്ഞ് കോര്‍ട്ട് മാര്‍ഷല്‍ ചുമതലയുള്ള ഹവില്‍ദാറാണ് അച്ചടക്ക നടപടിക്ക് ഉത്തരവിട്ടതെന്ന് പോലിസുകാര്‍ പറയുന്നു. റോഡില്‍ കിടന്ന യുവാക്കളുടെ ശരീരത്തില്‍ പൊള്ളലേറ്റു. ശക്തമായ ചൂടില്‍ ഇവര്‍ അവശരായെന്ന് മറ്റുള്ളവര്‍ അറിയിച്ചിട്ടും ശിക്ഷയില്‍നിന്ന് ഒഴിവാക്കിയില്ലെന്നാണ് പോലിസുകാര്‍ പറയുന്നത്. പലരും കുഴഞ്ഞുവീഴുന്ന പരുവത്തിലായപ്പോഴാണ് ശിക്ഷ അവസാനിപ്പിച്ച് ബാരക്കിലേക്ക് അയച്ചത്. സംഭവം വിവാദമായതോടെ കമാന്‍ഡന്റ് കെ പി ഫിലിപ്പ് അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it