പോലിസ് ജീപ്പില്‍നിന്നു രക്ഷപ്പെട്ട് വീട്ടില്‍ കയറിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി

കൊച്ചി: ഗതാഗതകുരുക്കില്‍പെട്ട പോലിസ് ജീപ്പില്‍ നിന്ന് റിമാന്‍ഡ് തടവുകാരനായ വിദേശി ചാടി രക്ഷപ്പെട്ടു. റോഡരികിലെ വീട്ടില്‍ എത്തി അതിഥിയെപ്പോലെ അഭിനയിച്ച് ഇരുപ്പുറപ്പിച്ച പ്രതിയെ പിന്നാലെയെത്തിയ നാട്ടുകാരും പോലിസും ചേര്‍ന്ന് പിടികൂടി. യാത്രാരേഖകളില്ലാതെ സംശയകരമായ സാഹചര്യത്തില്‍ സെന്‍ട്രല്‍ പോലിസ് പിടികൂടിയ എത്യോപ്യ സ്വദേശി സ്‌കാലെസ് ഓബി(21) യാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കിയ ശേഷം കാക്കനാട് ജയിലിലേക്ക് തിരിച്ചു കൊണ്ടുപോകുന്ന വഴി കടവന്ത്രയില്‍ വച്ചാണ് ഇയാള്‍ ജീപ്പില്‍ നിന്ന് ചാടിയത്. കടവന്ത്ര ജങ്ഷനും വൈറ്റിലക്കുമിടയില്‍ ജീപ്പ് ട്രാഫിക് ബ്ലോക്കില്‍പെട്ട സമയത്ത് അടുത്തിരുന്ന പോലിസുകാരനെ തള്ളിവീഴ്ത്തി ഇയാള്‍ വാഹനത്തില്‍ നിന്ന് പുറത്തുചാടുകയായിരുന്നു.
വിലങ്ങുവച്ച കൈയുമായി റോഡിന്റെ മറുവശത്തേക്ക് ഓടിയ ഇയാള്‍ റോഡിനു സമീപത്തെ വീട്ടില്‍ ഓടിക്കയറി. തുടര്‍ന്ന് അതിഥിയെപ്പോലെ വീടിനുളളിലെ സോഫയില്‍ ഇരിപ്പുറപ്പിച്ചു. കൈയിലെ വിലങ്ങ് കാണാതിരിക്കാന്‍ സ്വന്തം ഷര്‍ട്ട് ഊരി വിലങ്ങു മറച്ചു. പിന്തുടര്‍ന്നെത്തിയ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ഇയാളെ വളഞ്ഞതോടെ തനിക്കാരുമില്ലെന്ന് പറഞ്ഞുകൊണ്ട് അലമുറയിട്ട് കരയാന്‍ തുടങ്ങി.
ബംഗളൂരുവില്‍ സഹോദരനൊപ്പമാണ് താമസമെന്നും സുഹൃത്തിനെ കാണാനാണ് കൊച്ചിയില്‍ വന്നതെന്നുമാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ക്ക് മയക്കുമരുന്നു സംഘങ്ങളുമായോ മറ്റേതെങ്കിലും തട്ടിപ്പു സംഘങ്ങളുമായോ ബന്ധമുണ്ടോ എന്ന് പോലിസ് പരിശോധിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it