Idukki local

പോലിസ് ജയിലിലടച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ അവശനിലയില്‍

തൊടുപുഴ: പോലിസ് ജയിലടച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ സമനില തെറ്റിയ നിലയില്‍. കലുങ്കിലിരുന്ന് ബീഡിവലിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പോലിസിനെ കണ്ടപ്പോള്‍ ബഹുമാനിക്കാത്തതാണ് പ്രശ്‌നമായതെന്നു ആക്ഷേപമുണ്ട്. കൂലിപ്പണിയും കഴിഞ്ഞ് ഇടവെട്ടിയില്‍ ഒരു കലുങ്കിന് സമീപം കുത്തിയിരുന്ന് ബീഡി വലിച്ച സെയ്ദുള്‍, ബാബു, ബബ്‌ലു, അക്ബര്‍, ഇനബുള്‍ എന്നിവര്‍ക്കാണ് മര്‍ദനവും ജയില്‍വാസവും ലഭിച്ചത്. പോലിസ് ജീപ്പ് വന്നപ്പോഴും കുത്തിയിരുന്നു ബീഡി വലിച്ച ഇവരെ പോലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
ഇവരില്‍ ഒരാളെ പോലിസ് ഉദ്യോഗസ്ഥന്‍ ലാത്തി ഉപയോഗിച്ച് തല്ലിയപ്പോള്‍ ലക്ഷ്യം തെറ്റി മറ്റൊരു പോലിസ് ഉദ്ദ്യോഗസ്ഥന്റെ കൈക്കാണ് അടിയേറ്റത്. ഉടന്‍ അഞ്ചു തൊഴിലാളികളേയും തൂക്കിയെടുത്തു കൊണ്ടുപോവുകയായിരുന്നു പോലിസ്. പിന്നീട് പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കേസിന്റെ രൂപവും ഭാവവും മാറി. പട്രോളിങിന് പോയ പോലിസ് സംഘത്തിന്റെ ജോലി തടസപ്പെടുത്തിയെന്നും ലാത്തിപിടിച്ച് വാങ്ങി ഉദ്യോഗസ്ഥരെ തല്ലിയെന്നുമാണ് എഫ്‌ഐആര്‍ അവകാശപ്പെടുന്നത്.
ഏതു കോടതിയില്‍ ചെന്നാലും കണ്ണുമടച്ച് റിമാന്‍ഡ് ചെയ്യാനുള്ള വകുപ്പ് ചാര്‍ത്തിയതോടെ പാവം തൊഴിലാളികള്‍ അഴികള്‍ക്കുള്ളിലായി. പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ച പൊതു പ്രവര്‍ത്തകര്‍ക്ക് പോലിസിന്റെ ഉപദേശവും ലഭിച്ചു. ഇവര്‍ക്കിട്ട് ഇങ്ങനെ പണി കൊടുത്തില്ലെങ്കില്‍ ഇവര്‍ നമ്മളെ ആക്രമിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നായിരുന്നു അത്.
ഒടുവില്‍ ചിലര്‍ ചേര്‍ന്ന് ഇവരെ ജാമ്യത്തിലിറക്കി. എന്നാല്‍ പുറത്തിറങ്ങിയ ഇവര്‍ ഇപ്പോള്‍ ജോലിക്ക് പോവാനുള്ള മാനസികാവസ്ഥയിലല്ലെന്നു നാട്ടുകാര്‍ പറയുന്നു. തൊടുപുഴ വിട്ടു പോകരുതെന്ന ശാസനയോടെയാണ്് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇവരില്‍ രണ്ടു തൊഴിലാളികള്‍ ഭക്ഷണം കഴിച്ചാല്‍ അപ്പോള്‍ തന്നെ ഛര്‍ദ്ദിക്കുന്ന അവസ്ഥയിലാണ്. രണ്ടുപേര്‍ മനോനില തകര്‍ന്ന നിലയിലും. നാട്ടുകാരും ഇതര സംസ്ഥാനക്കാരുമായ ചിലരാണ് ഇവര്‍ക്ക് താമസിക്കുന്നതിനും ഭക്ഷണത്തിനുമുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it