kannur local

പോലിസ് ചീഫ് വിരട്ടി; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നല്ലകുട്ടികളായി

കണ്ണൂര്‍: കാട്ടുകള്ളന്മാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് മര്‍ദ്ദിച്ചതിലും പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കനത്ത പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പതിവ് വിരട്ടല്‍ പ്രസംഗമല്ലാതെ മറ്റൊന്നുമില്ലാതെ മാര്‍ച്ചും ധര്‍ണയും മുക്കാല്‍മണിക്കൂര്‍ കൊണ്ട് സമാധാനപരമായി അവസാനിച്ചു.
പ്രതിഷേധ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഡിെൈവഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ വി സുമേഷ്, സെക്രട്ടറി ബിജു കണ്ടക്കൈ എന്നിവര്‍ക്ക് ജില്ലാ പോലിസ് ചീഫ് പി എന്‍ ഉണ്ണിരാജന്‍ നോട്ടിസ് നല്‍കിയിരുന്നു. മാര്‍ച്ചുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കുമെന്നും കനത്ത നടപടിയുണ്ടാവുമെന്നും അറിയിച്ചാണ് നോട്ടീസ് നല്‍കിയത്. ഇതോടെയാണ് സംസ്ഥാനത്ത് പലയിടത്തും അക്രമാസക്തമായ മാര്‍ച്ച് പതിവില്‍ നിന്ന് വ്യത്യസ്തമായി സമരക്കാര്‍ കണ്ണൂരില്‍ വന്നപോലെ തിരിച്ചുപോയത്.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് നോട്ടിസ് നല്‍കുന്ന ജില്ലാ പോലിസ് ചീഫ്, പ്രതിഷേധം നേരിടാന്‍ റോഡ് തടസ്സപ്പെടുത്തി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിന് പോലിസിനെതിരേയാണ് കേസെടുക്കേണ്ടതെന്ന് രാജേഷ് അഭിപ്രായപ്പെട്ടു. അഴിമതിക്കാരായ മന്ത്രിമാരെ വഴിയില്‍ തടയുമെന്നും രാജേഷ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റിയംഗം പി പി ദിവ്യ, ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈ സംസാരിച്ചു. എം ഷാജര്‍, മനുതോമസ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it