Kollam Local

പോലിസ് ചമഞ്ഞ് തട്ടിപ്പ്: പ്രതികള്‍ പിടിയിലായതായി സൂചന

കൊല്ലം: പോലിസ് ചമഞ്ഞ് യാത്രക്കാരെ ആക്രമിക്കുകയും പണവും മൊബൈല്‍ ഫോണും ഉള്‍പ്പടെ അപഹരിക്കുന്ന സംഘം പോലിസിന്റെ പിടിയിലായതായി സൂചന.
സിറ്റിപോലിസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. കായംകുളം, കൊല്ലം പ്രദേശങ്ങളിലെ നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേരാണ് ഇപ്പോള്‍ പോലിസിന്റെ കസ്റ്റഡിയിലുള്ളത്. ഇനി ഒരാളെ കൂടി പിടികൂടാനുള്ളതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊല്ലത്തും നീണ്ടകരയിലുമായി മൂന്ന് സംഘങ്ങളാണ് ഇവര്‍ തട്ടിപ്പിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി നീണ്ടകരയില്‍ യുവാക്കളുടെ പണവും മൊബൈല്‍ ഫോണും പോലിസ് ചമഞ്ഞ് എത്തിയവര്‍ കവര്‍ന്നിരുന്നുു. നീണ്ടകര ഹാര്‍ബറില്‍ വള്ളത്തില്‍ ഉറങ്ങിക്കിടന്ന റിനോള്‍ഡ്, ടോമി, സിബിച്ചന്‍, സാലി എന്നിവരുടെ കൈയിലുണ്ടായിരുന്ന 5000 രൂപയും ഫോണുമാണ് കവര്‍ന്നത്. ഇവരെ വിളിച്ചുണര്‍ത്തി പോലിസാണെന്ന് തെറ്റിധരിപ്പിച്ചായിരുന്നു മോഷണം. വ്യാഴാഴ്ച രാത്രി 10 ഓടെയായിരുന്നു സംഭവം. തുടര്‍ന്ന് ഇവരെ ഹാര്‍ബറിനു പടിഞ്ഞാറ് വശം കൊണ്ട് പോയി കല്ല് കൊണ്ട് തലയ്ക്കടിച്ച് അപായപ്പെടുത്താനും ശ്രമിച്ചു.ഇതിന് ശേഷം പുലര്‍ച്ചെ കന്യാകുമാരിയിലേയ്ക്ക് ബൈക്കില്‍ പോയ പത്തംഗ വിനോദയാത്രാസംഘവും ഇവരുടെ ആക്രമണത്തിനിരയായി. അഞ്ച് ബൈക്കുകളിലായി പോയ യുവാക്കളില്‍ മൂന്ന് ബൈക്കിലുള്ളവര്‍ നീണ്ടകര പള്ളിക്ക് സമീപം വിശ്രമിക്കവേയാണ് സ്‌പെഷ്യല്‍സ്‌ക്വാഡിലുള്ളവരെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടുപേര്‍ എത്തിയത്. മോഷണത്തിന് വന്നതല്ലേയെന്നുപറഞ്ഞ് യുവാക്കളെ വിരട്ടി. ആറുപേരുടെയും മൊബൈല്‍ പരിശോധിക്കണമെന്ന് പറഞ്ഞ് പിടിച്ചുവാങ്ങി. ഇതിനെ യുവാക്കളിലൊരാള്‍ എതിര്‍ത്തു. ഇയാളെ അടിച്ചുവീഴ്ത്തി താക്കോല്‍ പിടിച്ചുവാങ്ങുകയായിരുന്നു. ഇതിനിടെ തൃശൂരില്‍ നിന്നുള്ള സംഘത്തിലെ, മറ്റ് രണ്ട് ബൈക്കുകളിലുള്ള നാലുപേര്‍ അവിടെയെത്തിയതോടെ പോലിസ് ചമഞ്ഞെത്തിയവര്‍ ബൈക്കില്‍ കടന്നുകളഞ്ഞു. കഴിഞ്ഞ നാലിന് വ്യാജപോലിസ് ചമഞ്ഞ് പ്രസ്‌ക്ലബ്ബിനോട് ചേര്‍ന്നുള്ള റയില്‍വേയുടെ പോക്കറ്റ് ഗേറ്റിന് സമീപം വച്ച് മാധ്യമപ്രവര്‍ത്തകന്റെ പഴ്‌സും മൊബൈല്‍ഫോണും കവരാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ പലതും ഉണ്ടായിട്ടുണ്ടെങ്കിലും പോലിസാണെന്ന തെറ്റിദ്ധാരണയില്‍ പലരും പരാതിപ്പെടാന്‍ മടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനെ കൊള്ളയടിക്കാനുണ്ടായ ശ്രമത്തെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്.
Next Story

RELATED STORIES

Share it