പോലിസ്, ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണിക്കു സാധ്യത; സുപ്രധാന തസ്തികകളിലേക്ക് പുതിയ ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണിക്കു കളമൊരുങ്ങി. അഴിമതിക്കേസുകളില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി പുതിയ ഉദ്യോഗസ്ഥരെ സുപ്രധാന തസ്തികകളില്‍ കൊണ്ടുവരാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന. ഈമാസം ചുമതലയേറ്റ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് തല്‍സ്ഥാനത്തു തുടരും.
എന്നാല്‍, ചില വകുപ്പ് സെക്രട്ടറിമാരും ജില്ലാ കലക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വരുംദിവസങ്ങളില്‍ സ്ഥാനചലനമുണ്ടായേക്കും. ആഭ്യന്തരവകുപ്പിലാണ് കാര്യമായ അഴിച്ചുപണിക്കു സാധ്യത. സിപിഎമ്മിന് അനഭിമതനാണെങ്കിലും പോലിസ് മേധാവി ടി പി സെന്‍കുമാര്‍ തുടര്‍ന്നേക്കും. എന്നാല്‍, വിജിലന്‍സ്, ഇന്റലിജന്‍സ് വിഭാഗം മേധാവികള്‍ക്ക് മാറ്റമുണ്ടാവുമെന്നാണു സൂചന. എഡിജിപി, ഐജി, എസ്പി റാങ്കുകളില്‍ അഴിച്ചുപണി ഉണ്ടാവും.
കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ ഇതേവരെ പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അന്വേഷണസംഘം പുനസ്സംഘടിപ്പിച്ചേക്കും. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ കുറുപ്പംപടി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിക്കു സാധ്യതയുണ്ട്. ജിഷ വധക്കേസ് അന്വേഷണത്തിന് ഒരു വനിത ഐജി മേല്‍നോട്ടം വഹിക്കണമെന്നായിരുന്നു നേരത്തെ എല്‍ഡിഎഫ് സ്വീകരിച്ച നിലപാട്. ജിഷ വധക്കേസില്‍ അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന എറണാകുളം റൂറല്‍ എസ്പി യശ്പാല്‍ ചന്ദ്രയ്ക്കും സ്ഥാനചലനത്തിനു സാധ്യതയുണ്ട്.
ഒരുവര്‍ഷം മുമ്പ് ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎം പ്രവര്‍ത്തകരെയും വഴിയാത്രക്കാരെയും ലാത്തിച്ചാര്‍ജ് ചെയ്ത സംഭവത്തില്‍ അദ്ദേഹം അന്ന് സിപിഎം നേതാക്കളുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ വിജിലന്‍സിന്റെ തലപ്പത്തും അഴിച്ചുപണി ഉണ്ടാവും. വിജിലന്‍സിനെ സ്വതന്ത്രമാക്കും എന്നത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായ സ്ഥിതിക്ക് വിജിലന്‍സ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാനചലനുണ്ടാവാന്‍ സാധ്യത ഏറെയാണ്.
അതേസമയം, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം ഉദ്യോഗസ്ഥരുടെ പ്രതിച്ഛായയും കാര്യക്ഷമതയും പരിഗണിച്ചാവും അവരോടുള്ള സര്‍ക്കാരിന്റെ സമീപനമെന്നാണ് പിണറായിയുടെ നയം. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചെയ്തുതീര്‍ക്കാന്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും എല്ലാ മാസവും അവലോകന യോഗം കൂടി പുരോഗതി വിലയിരുത്തകയും ചെയ്യുകയെന്ന രീതിയാവും നടപ്പില്‍ വരുക. നേരത്തെ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തും പിണറായി സമാനശൈലിയാണു പിന്തുടര്‍ന്നത്.
Next Story

RELATED STORIES

Share it