പോലിസ് അന്വേഷണത്തിന് എതിരേ ഹരജി

കൊച്ചി: ജിഷയുടെ കൊലപാതകം സംബന്ധിച്ച കേസന്വേഷണം സിബിഐക്കോ മറ്റ് അന്വേഷണ സംഘത്തിനോ കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. പ്രതികളെ പിടികൂടാതെ പോലിസ് ഇരുട്ടില്‍ തപ്പുന്ന സാഹചര്യത്തില്‍ പുതിയ അന്വേഷണസംഘത്തെ ചുമതല ഏല്‍പ്പിക്കണമെന്ന് ഹൈക്കോടതി അഭിഭാഷകയായ ടി ബി മിനി നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം സാധ്യമല്ലെങ്കില്‍ മുതിര്‍ന്ന വനിതാ പോലിസ് ഉദ്യോഗസ്ഥയടങ്ങുന്ന സംഘത്തെ നിയമിക്കണമെന്നാണ് ആവശ്യം.
അതി നിഷ്ഠൂരമായ കൊലപാതകത്തെ സാധാരണ മരണമോ ആത്മഹത്യയോ ആക്കി മാറ്റാനുള്ള ശ്രമമാണ് പോലിസ് നടത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തതുപോലും ഇത്തരത്തിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് പിജി മെഡിക്കല്‍ വിദ്യാര്‍ഥിയാണെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. കൊലപാതകത്തില്‍ ദുരൂഹതയുണ്ടായിട്ടും മൃതദേഹം ധൃതിപിടിച്ച് ദഹിപ്പിച്ചെന്നും ഹരജിയില്‍ കുറ്റപ്പെടുത്തുന്നു. അതിനിടെ, പോലിസ് അന്വേഷണത്തിനെതിരേ കുറുപ്പുംപടി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മറ്റൊരു ഹരജി സമര്‍പ്പിച്ചു. തെളിവ് നശിപ്പിക്കാന്‍ പോലിസ് കൂട്ടുനിന്നുവെന്നും അതിനാല്‍ അന്വേഷണത്തിനു കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫാണ് ഹരജി നല്‍കിയത്. നിലവിലെ അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ അന്വേഷണസംഘത്തെ മാറ്റണം. സംഘത്തില്‍ വനിതകളെ ഉള്‍പ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, ജിഷയുടെ കുടുംബത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പട്ടികജാതി വികസന വകുപ്പില്‍നിന്ന് രണ്ടുലക്ഷം രൂപ സഹായധനം നല്‍കുമെന്നു മന്ത്രി എ പി അനില്‍കുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയ്ക്കു പുറമെയാണിത്. വീടിന് സ്ഥലം വാങ്ങാന്‍ 3.75 ലക്ഷം രൂപയും വീടുവയ്ക്കാന്‍ മൂന്നുലക്ഷം രൂപയും പട്ടികജാതി വികസന വകുപ്പില്‍നിന്ന് കഴിഞ്ഞവര്‍ഷം അനുവദിച്ചിരുന്നു.
Next Story

RELATED STORIES

Share it