kannur local

പോലിസ് അതിക്രമം; ശിവപുരത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍

ഉരുവച്ചാല്‍: പോലിസ് വീട്ടില്‍ കയറി അതിക്രമം നടത്തിയെന്നാരോപിച്ച് ശിവപുരത്ത് എല്‍ഡിഎഫ് ഹര്‍ത്താലാചരിച്ചു. വോട്ടെടുപ്പ് ദിവസം രാത്രി ശിവപുരം വെള്ളിയോടിലെ സിപിഎം പ്രവര്‍ത്തകന്‍ കുഞ്ഞിപ്പറമ്പത്ത് പ്രദീപന്റെ വീട്ടിലെത്തിയ മാലൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അതിക്രമം നടത്തിയതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.
പോലിസ് അതിക്രമത്തില്‍ പ്രദീപന്റെ മാതാവ് നാരായണി(65)യെ പരിക്കുകളോടെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് വീട്ടിലെത്തുമ്പോള്‍ സ്ത്രീകള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും മൂന്ന് വാഹനങ്ങളിലായിയെത്തിയ പോലിസുകാര്‍ വീടിന്റെ ജനല്‍ ചില്ല്, കസേര എന്നിവ തകര്‍ക്കുകയും വീടിനകത്ത് കയറി വീട്ടുപകരണങ്ങളും ഭക്ഷണ പദാര്‍ഥങ്ങളും വസ്ത്രങ്ങളും വലിച്ചെറിയുകയും ചെയ്‌തെന്നാണ് വീട്ടുകാര്‍ പറയുന്നത്.
പോലിസ് തള്ളിയിട്ടതിനെ തുടര്‍ന്നാണ് നാരായണിക്കു പരിക്കേറ്റത്. വീടും നാരായണിയെയും ഇ പി ജയരാജന്‍ എംഎല്‍എ, പി പുരുഷോത്തമന്‍, എന്‍ വി ചന്ദ്രബാബു സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ശിവപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, ശിവപുരം കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ ചേമ്പില്‍ അന്ത്രുവിനെ പോളിങ് കഴിഞ്ഞ് പോലിസ് വാഹനത്തില്‍ വീട്ടിലേക്ക് എത്തിക്കാന്‍ പോകവെ പോലിസ് വാഹനം തടഞ്ഞ് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ പ്രദീപനെ അന്വേഷിച്ച് വീട്ടില്‍ പോയതെന്നും വീട്ടില്‍ അതിക്രമം നടത്തിയില്ലെന്നും മാലൂര്‍ എസ്‌ഐ യു പി വിപിന്‍ പറഞ്ഞു.
പോലിസിന്റെ ഭാഗത്ത് നിന്ന് അക്രമമോ മോശമായ പെരുമാറ്റമോ നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് ഏജന്റ് അന്ത്രുവിനെ അക്രമിച്ച സംഭവത്തില്‍ പ്രദീപന്‍, ഹാരിസ് എന്നിവര്‍ക്കെതിരേ കേസെടുത്തതായും എസ്‌ഐ പറഞ്ഞു. ശിവപുരത്തെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് ചേമ്പില്‍ അന്ത്രുവിനെ ആക്രമിച്ച സംഭവത്തില്‍ യുഡിഎഫ് മാലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
ശിവപുരത്ത് യുഡിഎഫ് പ്രകടനം നടത്തി. എ ജയരാജന്‍, കാഞ്ഞിരോളി രാഘവന്‍, ലത്തീഫ് ശിവപുരം, പി എം അബൂട്ടി, ഗോപി കാഞ്ഞിലേരി, പി വി മുഹമ്മദ്, അശ്കര്‍ ശിവപുരം നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it