thrissur local

പോലിസും മണ്ണ് മാഫിയയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്; കടങ്ങോടും എരുമപ്പെട്ടിയിലും അനധികൃത മണ്ണെടുപ്പ് വ്യാപകം

തൃശൂര്‍: കടങ്ങോട്,എരുമപ്പെട്ടി പഞ്ചായത്തുകളില്‍ പോലിസ് ഒത്താശയോടെ അനധികൃത മണ്ണെടുപ്പ് വ്യാപകം. പോലിസും മണ്ണ് മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ടു.
കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് നെല്ലിക്കുന്ന്, കൈതമാട്ടം, പള്ളിമേപ്പുറം, എയ്യലക്കാട്, തെക്കുമുറി, ആദൂര്‍ എന്നീ പ്രദേശങ്ങളിലും എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂര്‍ കുന്നിലുമാണ് രാപകല്‍ വ്യത്യാസമില്ലാതെ വന്‍തോതില്‍ മണ്ണെടുപ്പ് നടക്കുന്നത്.
കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് കൈതമാട്ടത്തില്‍ നിന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ 300ലധികം ലോഡ് മണ്ണാണ് മാഫികള്‍ കടത്തിയത്. കുന്നംകുളം ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസ്, സിഐ വി എ കൃഷ്ണദാസ്, എരുമപ്പെട്ടി എസ്‌ഐ ഡി ശ്രീജിത്ത് എന്നിവര്‍ മണല്‍ കടത്തലിനെതിരേ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
അതിനാല്‍ എസ്‌ഐയുടെ കണ്ണ് വെട്ടിച്ച് അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെവരെയാണ് മണ്ണെടുപ്പ് നടത്തിവരുന്നത്.
രാത്രികാലങ്ങളില്‍ രഹസ്യവിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ ഡി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലതെത്തുന്നുണ്ടെങ്കിലും മുന്‍കൂട്ടി വിവരം ലഭിക്കുന്ന മണ്ണെടുപ്പ് സംഘം വാഹനങ്ങളില്‍ കടന്നുകളയുകയാണ് പതിവ്. എസ്‌ഐ റെയ്ഡിനിറങ്ങുന്ന വിവരം പോലിസ് സ്‌റ്റേഷനില്‍നിന്നും തന്നെ മണ്ണ് മാഫിയയ്ക്ക് ചോര്‍ത്തിനല്‍കുന്നതായാണ് ്ആരോപണം. ഇതിന് തെളിവായാണ് സ്വകാര്യ ചാനല്‍ പോലിസ് ഉദ്യോഗസ്ഥനും മണ്ണ് കടത്തുന്ന സംഘാംഗവും തമ്മിലുള്ള ഫോണ്‍ രേഖ പുറത്തുവിട്ടത്.
രാത്രിയില്‍ മണ്ണ് കടത്തുന്നതിന് ജിഡി ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥനും നൈറ്റ് ഓഫിസര്‍ക്കും 5000 രൂപ കൈക്കൂലി നല്‍കണമെന്ന് ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. അതേസമയം ഫോണ്‍ സംഭാഷണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആരംഭിച്ചതായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it