Most commented

പോലിസും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരും വിവാഹം തടഞ്ഞു; 10 പേര്‍ അറസ്റ്റില്‍

സത്‌ന: മധ്യപ്രദേശിലെ സത്‌നയില്‍ ക്രിസ്ത്യന്‍പള്ളിയില്‍ ഇരച്ചുകയറിയ പോലിസും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരും വിവാഹം തടഞ്ഞു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യയില്‍ പുരോഹിതന്റെ കാര്‍മികത്വത്തില്‍ നടന്നുവന്ന വിവാഹമാണ് തടഞ്ഞത്.
പ്രതിശ്രുതവരനും വധുവും ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചവരാണ്. എന്നാല്‍ ഈ മതംമാറ്റം നിയമവിരുദ്ധമാണെന്നാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലിസിനെ ധരിപ്പിച്ചത്. പ്രതിശ്രുത വധുവിന് 18 വയസ്സ് തികയാന്‍ 10 ദിവസംകൂടി ബാക്കിയുണ്ടെന്ന മറ്റൊരു കാരണവും തങ്ങളുടെ നടപടിയെ ന്യായീകരിക്കാന്‍ പോലിസ് കണ്ടെത്തിയിട്ടുണ്ട്.
രണ്ടുപേരും നാലുവര്‍ഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ചിരുന്നുവെങ്കിലും അക്കാര്യം ജില്ലാ അധികൃതരെ അറിയിച്ചിരുന്നില്ലെന്ന് സിറ്റി പോലിസ് സൂപ്രണ്ട് സീതാറാം യാദവ് അറിയിച്ചു. മധ്യപ്രദേശ് പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗം ലക്ഷ്മി യാദവും ബജ്‌രംഗ്ദളും വിവാഹത്തിനെതിരേ പോലിസില്‍ പരാതിനല്‍കിയിരുന്നു. പുരോഹിതന്‍ സാമുവലും വരന്‍ അജയ് കുശ്‌വാഹയുമടക്കം 10 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മതംമാറിയാല്‍ അക്കാര്യം നിര്‍ബന്ധമായും നിയമപ്രകാരം ജില്ലാ അധികൃതരെ അറിയിക്കേണ്ടതുണ്ടെന്ന് പോലിസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം മതംമാറ്റ നിയമം, ശൈശവ വിവാഹ നിയമം തടയല്‍ എന്നിവയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹത്തിനു ധാരാളം പേര്‍ തടിച്ചുകൂടിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവന്‍ വിവാഹത്തിന് എതിരായിരുന്നെന്നും പോലിസ് പറഞ്ഞു.
അറസ്റ്റിലായവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വരനും വധുവും ക്രിസ്ത്യാനികളാണെന്ന് ചര്‍ച്ച് വക്താവ് മാരിയോഷ് ജോസഫ് പറഞ്ഞു. വിവാഹം തടഞ്ഞതിനു പിന്നില്‍ ബജ്‌രംഗ്ദളും ആര്‍എസ്എസുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it