Alappuzha local

പോലിസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;  ക്രൈംബ്രാഞ്ച് സംഘമെത്തി

കായംകുളം: പോലിസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് എസ്പി പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കായംകുളത്തെത്തി കേസിന്റെ അന്വേഷണ ഫയലുകള്‍ ഏറ്റെടുക്കുകയായിരുന്നു.
തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യ പോലിസിലെ വിവിധ തസ്തികകളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 29ഓളം പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് സംസ്ഥാന പോലീസ് ചീഫ് ടി പി സെന്‍കുമാര്‍ ഉത്തരവിട്ടിരുന്നു. കായംകുളത്തെത്തിയ ക്രൈംബ്രാഞ്ച് സംഘം ഇതുവരെ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന ഡിവൈഎസ്പി എസ് ദേവമനോഹര്‍ ഉള്‍പ്പെടെയുള്ള ലോക്കല്‍ പോലിസിലെ ഉന്നത ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍പോയ മുഖ്യപ്രതി ശരണ്യയെ മൂന്നാഴ്ച മുമ്പ് ബംഗളുരുവില്‍നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. തൃക്കുന്നപ്പുഴ എസ്‌ഐ സന്ദീപ്, സിപിഒ പ്രദീപ് എന്നിവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് യുവതി കായംകുളം സിഐക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മൊഴിയില്‍ ഇക്കാര്യം രേഖപ്പെടുത്താതിരുന്നതാണ് അന്വേഷണം ദുര്‍ബലപ്പെടാന്‍ കാരണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ഇതേതുടര്‍ന്ന് കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം ഉയരുകയും ആഭ്യന്തരവകുപ്പ് സമ്മര്‍ദ്ദത്തിലാവുകയും ചെയ്തിരുന്നു. പിന്നീട് ഹരിപ്പാട് സിഐ നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ സന്ദീപിനെയും സിപിഒ പ്രദീപിനെയും സസ്‌പെന്റ് ചെയ്തപ്പോഴേക്കും ആരോപണം മന്ത്രിയുടെ ഓഫിസിലേക്കുവരെ നീളാന്‍ ഇടയായി. ഈ കേസുമായി ബന്ധപ്പെട്ട് കായംകുളം ഡിവൈഎസ്പിയെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.
എന്നാല്‍ യുവതി ഡിവൈഎസ്പിക്കെതിരേ മര്‍ദ്ദിച്ചുവെന്ന ആരോപണമുയര്‍ത്തിയത് അടിസ്ഥാന രഹിതമാണെന്ന് ഡിവൈഎസ്പി നേരത്തേതന്നെ അറിയിച്ചിരുന്നു. ഈ അരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇപ്പോള്‍ ആക്ഷേപം ശക്തമായിരിക്കയാണ്. പോലിസിലെ തന്നെ ചിലരുടെ ഇടപെടലിലേക്കാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
Next Story

RELATED STORIES

Share it