Thejas Special

പോലിസിലെ മുസ്‌ലിം പ്രാതിനിധ്യ കണക്ക് ഇനി പുറത്തുവിടില്ല

മുംബൈ: പോലിസ് സേനയിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കണക്ക് പരസ്യപ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ത്തി. നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) വാര്‍ഷിക റിപോര്‍ട്ടില്‍ പോലിസ് സേനയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗം, മുസ്‌ലിം വിഭാഗങ്ങളിലുള്ളവരുടെ എണ്ണം പ്രസിദ്ധീകരിച്ചിരുന്നു. ഇനിമുതല്‍ ഈ വിവരങ്ങള്‍ ശേഖരിക്കുകയില്ലെന്ന് എന്‍സിആര്‍ബി ചീഫ് സ്ഥിതിവിവര ഓഫിസര്‍ അഖിലേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബ്യൂറോ ഓഫ് പോലിസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്(ബിപിആര്‍ഡി) മാത്രമേ ഈ രേഖകള്‍ സൂക്ഷിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിപിആര്‍ഡിയും മുസ്‌ലിംകളുടെ കണക്ക് പ്രസിദ്ധീകരിക്കുകയില്ലെന്ന് ഡയറക്ടര്‍ നവനീത് രാജന്‍ വാസനും വ്യക്തമാക്കി. 1999ല്‍ വാജ്‌പേയിയുടെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി പോലിസ് സേനയിലെ മുസ്‌ലിംകളുടെ എണ്ണം പരസ്യമാക്കിയത്. 2013ലെ റിപോര്‍ട്ടില്‍ രാജ്യത്തെ 17.31 ലക്ഷം പോലിസുകാരില്‍ 1.08 ലക്ഷം മുസ്‌ലിംകളാണുള്ളതെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പോലിസ് സേനയിലെ 6.27 ശതമാനമാണത്. എന്നാല്‍ വര്‍ഷം കഴിയുംതോറും മുസ്‌ലിം പ്രാതിനിധ്യം കുറഞ്ഞുവരുന്നതായി അതിനു മുമ്പത്തെ റിപോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. 2007ല്‍ 7.55 ശതമാനമായിരുന്ന മുസ്‌ലിം പ്രാതിനിധ്യം 2012 ആയപ്പോള്‍ 6.55 ആയും 2013ല്‍ 6.27 ശതമാനമായും കുറഞ്ഞുവന്നിരുന്നു.
എന്‍സിആര്‍ബിയുടെ പ്രസിദ്ധീകരണത്തിന്റെ പ്രവര്‍ത്തന രീതി പുതുക്കി നിശ്ചയിച്ചതിന്റെ ഭാഗമായാണ് മുസ്‌ലിം പ്രാതിനിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് അവസാനിപ്പിച്ചതെന്ന് ഡയറക്ടര്‍ ജനറല്‍ അര്‍ച്ചന രാമസുന്ദരം അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it