പോലിസിലെ അഴിമതിക്കാരെ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പിന്റെ സര്‍വേ

തൃശൂര്‍: പോലിസ് സേനയിലെ അഴിമതിക്കാരെ കണ്ടെത്താന്‍ ആഭ്യന്തരവകുപ്പ് പുതിയ സര്‍വേ നടത്തുന്നു. ഡിജിപി ആയി ലോക്‌നാഥ് ബഹ്‌റ സ്ഥാനമേറ്റതിനു ശേഷമാണ് ഇത്തരമൊരു സര്‍വെയ്ക്കുള്ള തീരുമാനം എടുത്തത്. ജില്ലാതലത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് സര്‍വേ നടത്തുന്നത്. ഒരു മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കി അഴിമതിക്കാരെ കണ്ടെത്താനാണ് നീക്കം. അഴിമതിക്കാരെ ക്രമസമാധാന ചുമതലകളില്‍ നിന്നൊഴിവാക്കും. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായിരിക്കും ഇത്തരക്കാരെ നിയമിക്കുക. അഴിമതിക്കാരെ നിരീക്ഷിക്കാന്‍ വകുപ്പ് അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിക്കും. സര്‍വേയിലൂടെ കണ്ടെത്തുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും പുതിയ നിയമനങ്ങള്‍ നടത്തുക. ഒരു തരത്തിലുള്ള അഴിമതിയും സേനയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും ഡിജിപിയുടേയും പരസ്യ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് സര്‍വേ തീരുമാനം പ്രഖ്യാപിച്ചത്. എസ്‌ഐ മുതല്‍ എഡിജിപി വരെയുള്ളവരെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 14 ജില്ലകളിലേക്കും ഇതിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ക്ക് നല്‍കുന്ന പുതിയ രീതിയിലാണ് സ ര്‍വേ നടത്തുന്നത്. പൂജ്യം മുതല്‍ പത്ത് വരെ മാര്‍ക്കാണ് അഴിമതിക്കാര്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. തീരെ അഴിമതി ഇല്ലാത്തവര്‍ക്കായിരിക്കും പൂജ്യം മാര്‍ക്ക് ലഭിക്കുക. എല്ലാ തലത്തിലും അഴിമതി നടത്തുന്നവര്‍ക്ക് മുഴുവന്‍ മാര്‍ക്കുമായ 10 നല്‍കും. അഴിമതിക്ക് പുറമെ മദ്യപാനം, മാഫിയകളെ സഹായിക്ക ല്‍, കുറ്റവാളികളുമായുള്ള ബന്ധം മൂന്നാംമുറ പ്രയോഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്. ഓരോ വര്‍ഷവും ഈ പട്ടിക പുതുക്കുകയും ചെയ്യും. അഴിമതി ആരോപണങ്ങളില്‍പ്പെട്ടവരെ പോലും പുതിയ നിയമനങ്ങളില്‍ മാറ്റി നിര്‍ത്തണമെന്നാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. പോലിസ് സേനയിലെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് സര്‍വേ നടത്തുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ കാലത്ത് തയ്യാറാക്കിയിരുന്ന അഴിമതിക്കാരുടെ പട്ടിക ആഭ്യന്തരവകുപ്പ് അംഗീകരിക്കുന്നില്ലെന്നാണ് പുതിയ സര്‍വേ പ്രഖ്യാപനം തെളിയിക്കുന്നത്.
Next Story

RELATED STORIES

Share it