kannur local

പോലിസിന്റെ മുന്നറിയിപ്പ് വിവാദത്തില്‍; സിപിഎം തുറന്ന പോരിന്

കണ്ണൂര്‍: സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂരില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കേന്ദ്രസേനയെ അയക്കണമെന്ന ആവശ്യം ഏതാണ്ട് തിരസ്‌കരിക്കപ്പെട്ടതിനു പിന്നാലെ ജില്ലാ പോലിസ് ചീഫ് പി എന്‍ ഉണ്ണിരാജന്‍ പുറപ്പെടുവിച്ച നോട്ടീസ് വിവാദത്തില്‍. തിരഞ്ഞെടുപ്പ് ദിവസം അക്രമമുണ്ടായാല്‍ സ്ഥാനാര്‍ഥികളെ പ്രതിചേര്‍ക്കുമെന്നു കാണിച്ച് കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥികള്‍ക്കയച്ച നോട്ടീസാണ് വിവാദത്തിനു വഴിവച്ചത്.
ഇന്നലെ ജില്ലയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനെത്തിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതോടെ വിവാദം കൊഴുത്തു. എല്‍ഡിഎഫും പോലിസിനെതിരേ രംഗത്തെത്തിയെങ്കിലും കോണ്‍ഗ്രസ് ന്യായീകരിക്കുകയാണ്. അക്രമം കാണിക്കുന്നതു ഗുരുതരമായ കുറ്റമാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും വോട്ടര്‍മാരെ തടയുകയും ചെയ്താല്‍ സ്ഥാനാര്‍ഥിയെ കൂടി പ്രതിചേര്‍ത്ത് കേസെടുക്കുമെന്നുമാണ് നോട്ടീസിലുള്ളത്. സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയക്ക് പോലിസ് ആക്റ്റ് 39(2) ബി വകുപ്പ് പ്രകാരമാണ് നോട്ടീസ് നല്‍കുന്നതെന്നും നോട്ടീസില്‍ പറയുന്നു.
ജില്ലയില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് 10 കമ്പനി കേന്ദ്രസേനയെ അയക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. പി ബാലകിരണ്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേന്ദ്രസേനയെ അയക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ തമിഴ്‌നാട്, കര്‍ണാടക പോലിസിനെ നിയമിക്കാനാണു തീരുമാനം. ഇക്കാര്യം ഇന്നു ചേരുന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിക്കും.
മുന്‍കാലങ്ങളിലെന്ന പോലെ ഇത്തവണയും കണ്ണൂരില്‍ തിരഞ്ഞെടുപ്പിനു ആരവമുയരുമ്പോള്‍ സുരക്ഷയും കേന്ദ്രസേനയും തന്നെയായിരുന്നു പ്രധാനവിഷയം. കേന്ദ്രസേന വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നു പറഞ്ഞ് സിപിഎം തിരിച്ചടിച്ചിരുന്നു. ഇതിനിടെ ആന്തൂര്‍ നഗരസഭയിലെ പകുതി സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ പോലിസിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഭീഷണിയും അക്രമവുമാണ് സ്ഥാനാര്‍ഥികള്‍ പിന്‍മാറാന്‍ കാരണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
ഇത്തരം വാക്‌പോരിനിടെയാണ് ജില്ലാ പോലിസ് മേധാവിയുടെ വിവാദ നോട്ടീസ് സ്ഥാനാര്‍ഥികള്‍ക്കു ലഭിക്കുന്നത്. നോട്ടീസ് നിയമ വിരുദ്ധവും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. തനിക്കു നേരിട്ട് ഉത്തരവാദിത്തമില്ലാത്ത ഒരു സംഭവത്തില്‍ സ്ഥാനാര്‍ഥിയെന്ന ഒറ്റക്കാരണം കൊണ്ട് ഒരാളെ പ്രതി ചേര്‍ക്കുമെന്നു പറയാന്‍ ഏത് നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് എസ്പിക്ക് അധികാരമുള്ളതെന്നു സിപിഎം ചോദിക്കുന്നു.
തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള ഉത്തരവാദിത്തം കമ്മീഷനാണ്. ഇല്ലാത്ത അധികാരം പ്രയോഗിച്ച് സ്ഥാനാര്‍ഥികളെ ഭീക്ഷണിപ്പെടുത്തുകയാണ് പോലിസ്. ജില്ലയില്‍ പട്ടാളത്തെ ഇറക്കണമെന്ന ഭരണകക്ഷിയുടെ ആവശ്യം നടക്കാത്തതിനെ തുടര്‍ന്ന് ഇടതുപക്ഷത്തെ ഭീഷണിപ്പെടുത്താന്‍ ഭരണ കക്ഷിയുടെ ദാസ്യവൃത്തിയാണ് ഇതുവഴി എസ്പി സ്വീകരിക്കുന്നത്. പോലിസ് റീ-പോളിങിന് ശുപാര്‍ശ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.
ചട്ടമനുസരിച്ച് റീ-പോളിങ് തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലിസ് സംവിധാനമാകെ കമ്മീഷനു കീഴിലാണെങ്കിലും കമ്മീഷനെ മറികടന്നുകൊണ്ടുള്ള നിലപാടാണ് പോലിസ് സ്വീകരിക്കുന്നത്. ഇതൊന്നും മനസ്സിലാക്കാതെ നിയമവിരുദ്ധമായി എസ്പി ഇറക്കിയ നോട്ടീസ് ഉടനെ പിന്‍വലിക്കണം. സ്ഥാനാര്‍ഥികളെ ഭീക്ഷണിപ്പെടുത്താനുള്ള നീക്കത്തില്‍ നിന്നു പോലിസധികാരികള്‍ പിന്‍മാറണം. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും സിപിഎം അറിയിച്ചു.
Next Story

RELATED STORIES

Share it