thiruvananthapuram local

പോലിസിനെതിരേ വ്യാജ പരാതി നല്‍കിയ വിചാരണത്തടവുകാരി പുലിവാല്‍ പിടിച്ചു

വിളപ്പില്‍ശാല: പോലിസുകാര്‍ ലൈംഗീകമായി പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്‍കിയ വിചാരണ തടവുകാരി പുലിവാല്‍ പിടിച്ചു. വിളപ്പില്‍ശാല കാവിന്‍പുറം ഹൗസിങ് ബോര്‍ഡ് കോളനിയില്‍ ലത (48) യാണ് വിളപ്പില്‍ശാല എസ്‌ഐയ്ക്കും പോലിസുകാര്‍ക്കുമെതിരേ നല്‍കിയ പരാതി വ്യാജമാണെന്ന് കാട്ടാക്കട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയത്.
വൈദ്യപരിശോധനയുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തില്‍ ലൈംഗീക പീഡനം കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് ലതയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കാവിന്‍പുറം മേഖലയില്‍ കഞ്ചാവ് വില്‍പനയ്ക്ക് നേതൃത്വം നല്‍കുന്ന പ്രധാന കണ്ണിയായിരുന്നു ലത. മാസങ്ങള്‍ക്ക് മുമ്പ് കഞ്ചാവ് വില്‍പനയ്ക്കിടെ ലതയുടെ സഹോദര പുത്രനെ ഇവരുടെ വീട്ടില്‍ നിന്ന് വിളപ്പില്‍ശാല എസ്‌ഐ ഹേമന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയിരുന്നു.
പോലിസ് നാട്ടുകാരുടെ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക കൂടി ചെയ്തതോടെ ലതയുടെ കച്ചവടം പൊളിഞ്ഞു. പോലിസിന് തന്റെ കച്ചവട രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന നാട്ടുകാരോട് ലതയ്ക്ക് പകയായി. നാട്ടുകാരില്‍ ഒരു സ്ത്രീയെ പൊതുജന മദ്ധ്യത്തില്‍ ലത വസ്ത്രാക്ഷേപം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഈ കേസില്‍ വിചാരണ തടവുകാരിയായി ജയിലില്‍ കഴിയവെയാണ് ലത വിളപ്പില്‍ശാല എസ്‌ഐയും പോലിസുകാരും തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ പരാതിനല്‍കിയത്. ലീഗല്‍ സര്‍വീസ് അതോറിറ്റി ജയിലിലെത്തി തെളിവെടുപ്പ് നടത്തി.
പീഡന വേളയില്‍ പോലിസുകാരില്‍ നിന്ന് തന്റെ മാറിടത്തില്‍ മുറിവുണ്ടായതായും ലത മൊഴിനല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അനുമതിയോടെ ലതയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. സ്വന്തം നഖം ഉപയോഗിച്ച് മാറിടത്തില്‍ ക്ഷതമുണ്ടാക്കിയാണ് ലത വൈദ്യപരിശോധനയ്ക്ക് ഹാജരായതെന്നും ലൈംഗീക പീഡനം നടന്നിട്ടില്ലെന്നും പരിശോധനയില്‍ തെളിഞ്ഞു.
ഇതോടെ ലത കുടുങ്ങുകയായിരുന്നു. പോലിസിന്റെ ആത്മവീര്യം കെടുത്തുക എന്ന ഗൂഢ ലക്ഷ്യമായിരുന്നു ലതയുടേതെന്ന് കോടതി വിലയിരുത്തി. നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രതിയുടെ ചെയ്തികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടികാണിച്ചു. കോടതി മുന്‍പാകെ വ്യാജ മൊഴി നല്‍കല്‍, ക്രിത്രിമമായി തെളിവുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതി ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു. മൂന്നുമാസം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയ്ക്ക് പ്രതി അര്‍ഹയാണെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it