പോപ് ഫ്രാന്‍സിസ്; അദ്ദേഹത്തെ എനിക്കെന്റെ ടീമില്‍ വേണം

പോപ് ഫ്രാന്‍സിസ്; അദ്ദേഹത്തെ എനിക്കെന്റെ ടീമില്‍ വേണം
X
pop francis








പോപ് ഫ്രാന്‍സിസിനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാതോലിക്കര്‍ എന്നെ തെറ്റിദ്ധരിക്കില്ല എന്നു കരുതട്ടെ. യഥാര്‍ഥത്തില്‍ ഈ ക്ഷണം ഒരു അംഗീകാരമായി അവര്‍ കാണണമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. നിവൃത്തികേടു കൊണ്ടാവാം, അദ്ദേഹം ഞങ്ങളുടെ ടീമില്‍ ആയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവുന്നത്. കാരണം, നിലവില്‍ ആരൊക്കെയാണ് ഞങ്ങളുടെ ടീമില്‍ ഉള്ളതെന്ന് അറിയാമോ? പോപ് ഫ്രാന്‍സിസിനോട് താരതമ്യം ചെയ്യാവുന്ന ഒരു വ്യക്തിത്വം പോലും ഞങ്ങള്‍ക്കിടയിലില്ല. സമാനമായ പദവി അലങ്കരിക്കുന്ന ഒരാള്‍പോലും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ സുന്നി മുസ്‌ലിംകള്‍ക്ക് ഒരു ഖലീഫയുണ്ടായിരുന്നു. പക്ഷേ 1924 മുതല്‍ അതും ഇല്ല. സൗദി രാജാവ് സല്‍മാനുബ്‌നു അബ്ദുല്‍ അസീസ് അടക്കം സമാനമായ പദവികള്‍ സ്വപ്‌നം കാണുന്ന പലരും ഞങ്ങളിലുണ്ടെന്നത് ഉറപ്പാണ്. തിരുഗേഹങ്ങളുടെ സംരക്ഷകന്‍ എന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനനാമം. കേള്‍ക്കാന്‍ സുഖമുണ്ട് അല്ലേ?
ഭക്തനും വിനയാന്വിതനും ധാര്‍മികബോധമുള്ളവനുമായ സേവകന്‍!
ആരെയാണ് അദ്ദേഹം സേവിക്കുന്നത്?




യൂറോപ്യന്‍ രാജ്യങ്ങളിലും അഭയാര്‍ഥികള്‍ക്ക് സമ്മിശ്ര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹംഗറിയിലും സ്ലൊവാക്യയിലും ചെക്ക് റിപ്പബ്ലിക്കിലും മറ്റ് പല രാജ്യങ്ങളിലും നിഷേധാത്മകമായ സ്വീകരണവും നേരിടേണ്ടിവരുന്നു. രാജ്യത്ത് മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതില്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭയാര്‍ഥികള്‍ ക്രിസ്ത്യാനികള്‍ ആണെന്ന ഉപാധി നിലനിര്‍ത്തിക്കൊണ്ട് 200 അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് ചെക്കോസ്ലൊവാക്യയും സമ്മതിച്ചിട്ടുണ്ട്.








ലോകത്തെ 120 കോടിയിലധികം വരുന്ന കാതോലിക്കരുടെ അഥവാ ക്രിസ്ത്യാനികളിലെ ഏറ്റവും പ്രബല വിഭാഗത്തിന്റെ നായകനാണ് പോപ് ഫ്രാന്‍സിസ്. 100 കോടിയിലധികം സുന്നി മുസ്‌ലിംകളെ നയിച്ചുകൊണ്ടിരിക്കുന്ന പ്രമുഖമായ ശക്തി എന്നാണ് സൗദി അറിയപ്പെടുന്നത്, അല്ലെങ്കില്‍ അവകാശപ്പെടുന്നത്. സൗദി ഭരണകൂടത്തെ തിരഞ്ഞെടുക്കുന്നതില്‍ സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്കുപോലും ഒരു പങ്കുമില്ല എന്നതാണ് വാസ്തവം.
നമുക്ക് അല്‍പ്പം മാറിനിന്ന് സൗദിയുടെ പ്രാന്തപ്രദേശങ്ങളില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്നു നോക്കാം. ബശ്ശാറുല്‍ അസദ് സിറിയന്‍ ജനതയ്ക്കു നേരെ ആക്രമണം ആരംഭിച്ചതു മുതല്‍ 10 ലക്ഷത്തോളം സിറിയക്കാര്‍ ലബനനില്‍ അഭയം തേടി. അതില്‍കൂടുതല്‍ ആളുകളെ തുര്‍ക്കി സ്വാഗതം ചെയ്തു (രണ്ടും മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍). എന്നാല്‍ 2 വയസ്സുകാരന്‍ ഐലാന്‍ കുര്‍ദിയുടെ മൃതദേഹം തുര്‍ക്കി തീരത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ കണ്ടെടുക്കുന്ന ഹൃദയഭേദകമായ ചിത്രം ആഗോള ശ്രദ്ധ നേടിയശേഷം സൗദി, സഹായ വാഗ്ദാനവുമായി രംഗത്തെത്തിയെങ്കിലും ഒരു അഭയാര്‍ഥിയെപ്പോലും സ്വീകരിക്കാനുള്ള വിമുഖത അവര്‍ വ്യക്തമായിത്തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി തന്റെ വസതി അഭയാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നത് ഇവിടെ സ്മരണീയമാണ്.

എന്നാല്‍ സൗദിയുടെ പ്രതികരണമെന്താണ്? ഒന്നുമില്ല.
അത് അവരുടെ ഗതികേടു കൊണ്ടാണോ? ഏതാനും ആഴ്ചകള്‍ മുമ്പ് സൗദി രാജാവ് സല്‍മാന്‍ ഒരു ഉന്നതതല കൂടിക്കാഴ്ചയ്ക്ക് അമേരിക്കയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒരു ഫോര്‍ സീസണ്‍സ് (ലോകത്തെ ആഢംബര ഹോട്ടല്‍ ഗ്രൂപ്പുകളിലൊന്ന്) ഹോട്ടല്‍തന്നെ ഏര്‍പ്പെടുത്തിയിരുന്നു. തിരുഗേഹങ്ങളുടെ സംരക്ഷകനെ തറയില്‍ ചവിട്ടുക എന്ന മഹാപാപത്തില്‍നിന്നും രക്ഷിക്കാന്‍ വേണ്ടിയെന്നോണം ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയവരെ പരവതാനി വിരിച്ചിരുന്നു. ഹോട്ടലിലെ ആഢംബരം പോരാഞ്ഞിട്ടോ എന്തോ നിലവിലെ ഫര്‍ണിച്ചറുകള്‍ മാറ്റി സ്വര്‍ണം പൂശിയ പുത്തന്‍ ഫര്‍ണിച്ചറുകള്‍ തന്നെ ഇറക്കുമതി ചെയ്തു.

അതേ സമയം, മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങളോടുള്ള സൗദിയുടെ നിസ്സംഗത അക്ഷരാര്‍ത്ഥത്തില്‍ വെറുപ്പുളവാക്കുന്നതാണ്. എന്നാല്‍ ഒട്ടും ആശ്ചര്യകരമല്ലതന്നെ. ഈയിടെ അധികാരത്തിലേറിയ സല്‍മാന്‍ തന്റെ ഹ്രസ്വമായ ഭരണകാലഘട്ടത്തില്‍ സ്വയം വ്യത്യസ്തനാവുന്നതുതന്നെ മറ്റ് അറബ് ഏകാധിപതികളോട് ചേര്‍ന്ന് അയല്‍രാജ്യമായ യമനില്‍ യുദ്ധം നടത്തിക്കൊണ്ടാണ്. അതിസമ്പന്നരായ, ആരോടും കണക്ക് ബോധിപ്പിക്കേണ്ടതില്ലാത്ത, ആരെയും സ്വാഗതം ചെയ്യാത്ത ഈ ഏകാധിപതികള്‍ മറ്റൊരു ദരിദ്ര ദുര്‍ബല രാജ്യത്തും കടുത്ത മനുഷ്യത്വ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
അഭയാര്‍ഥികളെ സ്വാഗതം ചെയ്യാത്ത ഒരേയൊരു രാജ്യമല്ല സൗദി. യൂറോപ്യന്‍ രാജ്യങ്ങളിലും അഭയാര്‍ഥികള്‍ക്ക് സമ്മിശ്ര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹംഗറിയിലും സ്ലൊവാക്യയിലും ചെക്ക്‌റിപ്പബ്ലിക്കിലും മറ്റ് പല രാജ്യങ്ങളിലും നിഷേധാത്മകമായ സ്വീകരണവും നേരിടേണ്ടിവരുന്നു. രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നതില്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭയാര്‍ഥികള്‍ ക്രിസ്ത്യാനികള്‍ ആണെന്ന ഉപാധി നിലനിര്‍ത്തിക്കൊണ്ട് 200 അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് ചെക്കോസ്ലൊവാക്യയും സമ്മതിച്ചിട്ടുണ്ട്.

ഇവിടെയാണ് പോപ് ഫ്രാന്‍സിസ് പ്രസക്തനാവുന്നത്. യുദ്ധത്തില്‍നിന്നും മരണത്തില്‍നിന്നും രക്ഷതേടി ഓടിവരുന്നവരോട് ധൈര്യമായിരിക്കുക, പിടിച്ചുനില്‍ക്കുക തുടങ്ങിയ ഉപചാരവാക്യങ്ങള്‍ പറഞ്ഞാല്‍ മാത്രം പോരാ. ''യൂറോപ്പിലെ ഓരോ ഇടവകയും ഓരോ കൂട്ടായ്മയും ഒരോ ദേവാലവയും ഒരു അഭയാര്‍ഥി കുടുംബത്തെ സ്വീകരിക്കുക'' എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഏറെ ഉചിതമാവുന്നത് അതുകൊണ്ടാണ്. ഇവയില്‍ പലതും ചരിത്രപരമായിതന്നെ കത്തോലിക്കാ രാജ്യങ്ങളായിരിക്കെ അദ്ദേഹത്തിന്റെ പ്രസ്താവന ശക്തമായ ഒരു താക്കീതായി കാണാതിരിക്കാന്‍ എനിക്കാവില്ല. ''റോമിലെ എന്റെ രൂപതയില്‍നിന്ന് തുടങ്ങി'' ഇതായിരിക്കും എന്റെ നയം എന്നു കൂടി അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു നിമിഷം അതേക്കുറിച്ച് ആലോചിച്ചു നോക്കുക. തീര്‍ച്ചയായും സൗദി അറേബ്യ മുസ്‌ലിംകളെ ആകമാനം പ്രതിനിധീകരിക്കുന്നില്ല. സൗദി പൗരന്മാരെപ്പോലും അത് പ്രതിനിധീകരിക്കുന്നില്ല.

നിരവധി മുസ്‌ലിംകള്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി നിരവധി സഹായങ്ങള്‍ ചെയ്യുന്നു എന്നതും വാസ്തവമാണ.് ഷാര്‍ജയിലെ സുല്‍ത്താന്‍ അല്‍ ഖാസിമിയെപോലുള്ള ഗള്‍ഫ് പ്രമുഖര്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ യു.എ.ഇ. ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരമേരിക്കന്‍ പാലുല്‍പന്ന കമ്പനി ഉടമസ്ഥന്‍ ഹംദി ഉലുക്കായ തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ശതമാനം (700 മില്യന്‍ ഡോളര്‍) അഭയാര്‍ഥികള്‍ക്കായി ചിലവഴിക്കാന്‍ സന്നദ്ധനായി. ഇത് വലിയ തുകയാണെങ്കിലും ഗള്‍ഫ് സൗദി വംശത്തിന്റെ കൈവശമുള്ളതിന്റെ ചെറിയൊരു അംശം പോലുമാവില്ല. സല്‍മാന്‍ രാജാവ് മക്കയുടെയും മദീനയുടെയുംകൂടി ഭരണാധികാരിയാണ്. ഈ രണ്ടു നഗരങ്ങളും അദ്ദേഹത്തിന്റെ അധീനതയില്‍ ആയിരിക്കുന്നിടത്തോളം കാലം സൗദി ഭരണകൂടം എന്റെ മതവുമായി ബന്ധിപ്പിക്കപ്പെടുന്നത് തുടരും. അത് എന്നില്‍ എന്തു വികാരമാണ് ഉളവാക്കുകയെന്ന് നിങ്ങള്‍ക്കറിയുമോ? അപമാനം, അങ്ങേയറ്റത്തെ അപമാനം.

സൗദി പ്രതിനിധി സംഘം ന്യൂയോര്‍ക്കിലെ സ്റ്റാര്‍ ഹോട്ടലുകളിലെ ആഢംബര സൗകര്യങ്ങളെക്കുറിച്ച് വിലയിരുത്തിക്കൊണ്ടിരിക്കുമ്പോള്‍ പോപ് അഭയാര്‍ഥികളെ വത്തിക്കാനിലേക്ക് ക്ഷണിക്കുകയാണ്. മുസ്‌ലിം സമൂഹങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോടുള്ള ഭരണകൂടങ്ങളുടെ നിസ്സംഗത തീവ്രവാദത്തിനു പ്രേരണ നല്‍കിയതായാണ് കഴിഞ്ഞകാല അനുഭവം. എന്നാല്‍, ഇപ്പോള്‍ ജനങ്ങള്‍ ചോദിക്കുന്നു. തീവ്രവാദം എന്താണ് നേടിത്തന്നത്? ഭാവിയില്‍, ഒരുപക്ഷേ അവര്‍ എവിടേക്കെങ്കിലും രക്ഷപ്പെടുക മാത്രമായിരിക്കില്ല, അവര്‍ക്ക് മറ്റാരെങ്കിലും ആയിത്തിരേണ്ടിയും വന്നേക്കാം. ഒരു ജര്‍മന്‍ ചര്‍ച്ചില്‍ അഭയാര്‍ഥികള്‍ കൂട്ടമായി ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് വാര്‍ത്ത വന്നിരുന്നു. അഭയസാധ്യത വര്‍ധിപ്പിക്കാനുള്ള ഒരുപായം മാത്രമാണിതെന്ന് ചില നിരീക്ഷകര്‍ ആരോപിക്കുന്നു. അതു ശരിയാണോ എന്നെനിക്കറിയില്ല. കാരണം, ജനങ്ങളുടെ ഹൃദയങ്ങളിലെന്താണെന്ന് എനിക്ക് കാണാനാവില്ല. അഥവാ അവരുടെ പരിവര്‍ത്തനം ആത്മാര്‍ത്ഥമാണെങ്കില്‍പോലും ഞാന്‍ ആശ്ചര്യപ്പെടുകയില്ല. ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നുവെന്നും സേവിക്കുന്നുവെന്നും അവകാശപ്പെടുന്ന സമ്പന്ന രാജ്യങ്ങള്‍ നിങ്ങളുടെ ജീവന്‍ അപകടത്തിലായിരിക്കെ നിങ്ങള്‍ക്കു നേരെ വാതിലുകള്‍ കൊട്ടിയടക്കുമ്പോള്‍ പിന്നെ എന്താണ് തോന്നേണ്ടത്!

ഇറാനിയന്‍ ഇസ്‌ലാമിക് റിപബ്ലിക്കിന്റെ പിന്തുണയുള്ള ഒരു സ്വച്ഛാധിപതി ഒരു വശത്തും, ഇസ്‌ലാമിക് സ്റ്റേറ്റ് എന്നു സ്വയം വിളിക്കുന്ന ഒരു ഭീകരസംഘം മറുവശത്തുമായി കുടുങ്ങിക്കിടക്കുകാണ് സിറിയന്‍ ജനത. ഇവിടെ മതപരിവര്‍ത്തനം നടത്തേണ്ട ആവശ്യം എന്തായാലും പോപ് ഫ്രാന്‍സിസിനല്ല എന്ന് തോന്നുന്നു.



വിവ: റിയാസ് താനൂര്‍

(മുസ്‌ലിം എഴുത്തുകാരനും   പ്രഭാഷകനുമായ ഹാറൂണ്‍ മുഗള്‍ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ്)

Next Story

RELATED STORIES

Share it