Flash News

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് ഇന്ന്

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ജന്മദിനമായ ഇന്ന് നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശമുയര്‍ത്തി കേരളത്തിലെ 14 കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ പറഞ്ഞു.
ഒത്തുചേരലിനും അഭിപ്രായപ്രകടനങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, നിയമത്തിനു മുന്നിലെ തുല്യത, എല്ലാ വിവേചനങ്ങളില്‍നിന്നുമുള്ള സംരക്ഷണം എന്നിവ ഭരണഘടന ഉറപ്പുനല്‍കുന്നു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെയാണ്. നിര്‍ഭാഗ്യവശാല്‍ വര്‍ഗീയതയും ജാതീയതയും മതഭ്രാന്തും നമ്മുടെ ഭരണഘടനാ തത്ത്വങ്ങളെ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ദുഷ്ടശക്തികള്‍ സ്വാതന്ത്ര്യത്തിനു മുമ്പു മുതലേ ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും നുഴഞ്ഞുകയറി വിഷം പരത്താന്‍ തുടങ്ങിയിരുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും അധികാരത്തിലേറിയതോടെ തങ്ങളോട് വിയോജിക്കുന്നവരോടുള്ള അവരുടെ അസഹിഷ്ണുതയും അക്രമങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
വിദ്വേഷ പ്രസംഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരായ അക്രമങ്ങള്‍, എന്തുപറയണമെന്നും എന്തു തിന്നണമെന്നുമുള്ള കല്‍പ്പനകള്‍, എഴുത്തുകാരെയും ചിന്തകരെയും ഭീഷണിപ്പെടുത്തുകയോ കൊലപ്പെടുത്തുകയോ ചെയ്യുക തുടങ്ങിയവ അസഹിഷ്ണുതയുടെ ദൃഷ്ടാന്തങ്ങളാണ്.
വ്യത്യസ്ത ചിന്തകളും ആചാരങ്ങളും സംസ്‌കാരവുമുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും സഹവര്‍ത്തിത്തത്തോടെ ഒത്തൊരുമിച്ച് രാജ്യത്ത് ജീവിക്കണം. നവസാമൂഹിക പ്രസ്ഥാനമായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈ ആശയത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.
വൈകീട്ട് 4.45ന് നടക്കുന്ന യൂനിറ്റി മാര്‍ച്ചിനും ബഹുജനറാലിക്കും ശേഷം പൊതുസമ്മേളനങ്ങള്‍ നടക്കും. കൊല്ലം പുനലൂരില്‍ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്നയും ഇടുക്കി തൊടുപുഴയില്‍ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാനും മലപ്പുറം അരീക്കോട് എസ്ഡിപിഐ ദേശീയ സെക്രേട്ടറിയറ്റ് അംഗം ഇ അബൂബക്കറും പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് ദേശീയ സമിതിയംഗങ്ങളായ പ്രഫ. പി കോയ (കോഴിക്കോട്- മാത്തോട്ടം), ഒ എം എ സലാം (മലപ്പുറം പരപ്പനങ്ങാടി), സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് (തലശ്ശേരി), ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ (മണ്ണാര്‍ക്കാട്), ബി നൗഷാദ് (പത്തനംതിട്ട ചുങ്കപ്പാറ), എ അബ്ദുല്‍ സത്താര്‍ (ആറ്റിങ്ങല്‍), കെ മുഹമ്മദലി (മുണ്ടക്കയം), മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ (ആലപ്പുഴ- വടുതല), സിപി മുഹമ്മദ് ബഷീര്‍ (വടക്കാഞ്ചേരി), പി പി റഫീഖ് (കാസര്‍കോഡ്-ഉപ്പള), പി കെ അബ്ദുല്‍ ലത്തീഫ് (വയനാട്- മേപ്പാടി) തുടങ്ങിയവര്‍ പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് യുഎപിഎ വിരുദ്ധ പ്രതിജ്ഞയും അടുത്ത വര്‍ഷത്തേക്കുള്ള കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പദ്ധതിയവതരണവും നടക്കുമെന്ന് കെ എച്ച് നാസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it