wayanad local

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും

കല്‍പ്പറ്റ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും 17ന് മേപ്പാടിയില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശമുയര്‍ത്തി അഖിലേന്ത്യാ തലത്തില്‍ പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നതിന്റെ ഭാഗമായാണ് യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും നടക്കുന്നത്. വൈവിധ്യങ്ങള്‍ പൊതുനന്മയ്ക്കായി കൈകോര്‍ക്കുന്നതിനും തോളോടുതോള്‍ ചേര്‍ന്ന് ജീവിക്കുന്നതിനും തടസ്സമായിക്കൂട. സഹവര്‍ത്തിത്തമാണ് സമൂഹ നിര്‍മിതിയുടെയും രാഷ്ട്ര നിര്‍മിതിയുടെയും സത്ത.
നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്തിന്റെ സൗന്ദര്യവും ശക്തിയും. ബഹുസ്വരതയ്ക്കും വൈവിധ്യത്തിനുമെതിരായ ഭീഷണികള്‍ രാഷ്ട്രത്തെ ശിഥിലീകരണത്തിലേക്കാണ് നയിക്കുക. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശവുമായി പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
യൂനിറ്റി മാര്‍ച്ചും റാലിയും വൈകീട്ട് 4.45ന് മേപ്പാടി ഗവ. സ്‌കൂള്‍ പരിസരത്തു നിന്ന് ആരംഭിച്ച് കോസ്‌മോപാളിറ്റന്‍ ക്ലബ്ബ് ഗ്രൗണ്ടില്‍ സമാപിക്കും. പൊതുസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ മജീദ്മൗലവി അധ്യക്ഷത വഹിക്കും. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി കെ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്യും.
ഹസന്‍ ചങ്ങരംകുളം മുഖ്യപ്രഭാഷണം നടത്തും. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിക്കും. ജില്ലയില്‍ നിന്നു വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും പുരസ്‌കാര ജേതാക്കളെയും ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ മജീദ് മൗലവി, കെ പി അഷ്‌റഫ്, ജില്ലാ പിആര്‍ഒ മുഹമ്മദ് ആസിഫ്, കല്‍പ്പറ്റ ഡിവിഷന്‍ പ്രസിഡന്റ് എം കെ ഹാരിസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it