wayanad local

പോക്‌സോ നിയമത്തിനെതിരായ സമരം: ആദിവാസികള്‍ക്ക് ആവശ്യം പ്രകൃതിനിയമം: ദയാബായ്

കല്‍പ്പറ്റ: ആദിവാസി വിവാഹങ്ങളില്‍ പ്രകൃതി നിയമത്തിനപ്പുറം എന്തു നിയമമെന്ന് പ്രശസ്ത മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തക ദയാബായ്. ആദിവാസി പെണ്‍കുട്ടികളെ ആചാരപ്രകാരവും മാതാപിതാക്കളുടെ അനുമതിയോടെയും വിവാഹം ചെയ്യുന്ന സ്വസമുദായങ്ങളില്‍പ്പെടുന്ന യുവാക്കളെ പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിനെതിരേ ജനകീയ സമിതി സംഘടിപ്പിച്ച കോടതി മാര്‍ച്ച് ഏകദേശം 100 മീറ്റര്‍ അകലെ പോലിസ് തടഞ്ഞതിനെത്തുടര്‍ന്ന് ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നിയമം അനുശാസിക്കുന്ന പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതികളായ പെണ്‍കുട്ടികളാണ് ആദിവാസി ഊരുകളില്‍ വിവാഹിതരാവുന്നത്. ദമ്പതികളില്‍ വരന്മാരെ പോക്‌സോ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോവല്‍, പീഡനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുന്നതിനെതിരേ സമൂഹമനസ്സാക്ഷി ഉണരണം. പ്രകൃതിനിയമത്തിനൊത്താണ് കാടിന്റെ മക്കളുടെ ജീവിതം. ആദിവാസികള്‍ക്ക് പ്രകൃതി നിയമത്തിനു അപ്പുറം മറ്റൊരു നിയമവുമില്ല.
പുതിയ നിയമങ്ങള്‍ കൊണ്ടുവരികയും അതിന്റെ പേരില്‍ ആദിവാസികളെ ബലിയാടുകളാക്കുകയും ചെയ്യുന്നവര്‍ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍ നിയമാവബോധം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നുമില്ല. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കല്യാണമാസങ്ങളില്‍ ബാലവിവാഹം തടയുന്നതിനും നിരുല്‍സാഹപ്പെടുത്തുന്നതിനുമാണ് അധികാരികള്‍ ശ്രമിക്കുന്നത്.
വിവാഹപ്രായമെത്തുംമുമ്പ് ആചാരപ്രകാരം വിവാഹിതരാവുന്നവരെ നിയമത്തില്‍ കുരുക്കി പീഡിപ്പിക്കാറില്ല. കേരളത്തിലെ, പ്രത്യേകിച്ചും വയനാട്ടിലെ ആദിവാസി ഊരുകളില്‍ മറിച്ചാണ് സംഭവിക്കുന്നത്. ആദിവാസികള്‍ക്കിടയിലെ ബാലവിവാഹങ്ങളില്‍ ഉള്‍പ്പെട്ട യുവാക്കള്‍ക്കെതിരേ ബാലവിവാഹം തടയല്‍ നിയമപ്രകാരം കേസ് എടുക്കാമെന്നിരിക്കെ പോക്‌സോ ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ദുഷ്ടലാക്കുണ്ട്.
ആദിവാസികളെ ഇല്ലായ്മ ചെയ്യുകയെന്ന അജന്‍ഡയാണ് ഇതിനു പിന്നില്‍. പോക്‌സോ നിയമ നിര്‍വഹണത്തിനു മറവില്‍ ആദിവാസികള്‍ മൗലികാവകാശ നിഷേധമാണ് നേരിടുന്നത്- ദയാഭായ് പറഞ്ഞു. സമിതി ചെയര്‍മാന്‍ അഡ്വ. പി എ പൗരന്‍ അധ്യക്ഷനായിരുന്നു. അധിനിവേശ പ്രതിരോധ സമിതി പ്രതിനിധി ഡോ. ആസാദ്, വയനാട് ആദിവാസി ഭൂസമരസഹായ സമിതി കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, ആദിവാസി ഗോത്രമഹാസഭ കോ-ഓഡിനേറ്റര്‍ എം ഗീതാനന്ദന്‍, തങ്കമ്മ (ആദിവാസി സമരസംഘം), അരുവിക്കല്‍ കൃഷ്ണന്‍ (ആദിവാസി വിമോചന മുന്നണി), നസിറുദ്ദീന്‍ മേപ്പാടി (സിപിഐ-എംഎല്‍), പ്രജില്‍ അമന്‍ (യൂത്ത് ഫോര്‍ ജസ്റ്റിസ് ആന്റ് എന്‍വയോണ്‍മെന്റ്), മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. പി ജി ഹരി സംസാരിച്ചു.
Next Story

RELATED STORIES

Share it