wayanad local

പോക്‌സോ: ജയിലിലടച്ച ആദിവാസികളെ വിട്ടയക്കണമെന്ന്

കല്‍പ്പറ്റ: പോക്‌സോ നിയമപ്രകാരം കേസെടുത്ത് ജയിലിലടച്ച ആദിവാസി യുവാക്കളെ കേസ് പിന്‍വലിച്ച വിട്ടയക്കണമെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശൈശവ വിവാഹങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമത്തിന്റെ ദുരുപയോഗം നടക്കുന്നത് അംഗീകരിക്കാനാവില്ല.
കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ ആചാരപ്രകാരമാണ് വിവാഹങ്ങള്‍ നടക്കുന്നത്. അതിനെ ഈ നിയമത്തിന്റെ പരിധിയില്‍ കാണരുത്.
പരമ്പരാഗതമായി നടക്കുന്ന ഇത്തരം വിവാഹങ്ങളെ പൊതുപ്രശ്‌നമായി കണ്ട് കേസെടുക്കാനാവില്ല. നിയമപരമായി മാത്രമല്ല, സാമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ എന്ന നിലയ്ക്ക് ആദിവാസി വിഭാഗങ്ങളുടെ ഗോത്രാചാരങ്ങളെ കണക്കാക്കണം. ശൈശവ വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, അത്തരം നിയമങ്ങള്‍ പ്രയോഗിക്കുമ്പോള്‍ മാനുഷിക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
നിയമപ്രകാരം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ആദിവാസി യുവാക്കളെ പോക്‌സോ നിയമത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കുന്ന അവസ്ഥ ഒഴിവാക്കണം. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഇത്തരം നിയമങ്ങള്‍ പ്രയോഗിക്കേണ്ടതു വേണ്ടത്ര ബോധവല്‍ക്കരണത്തിനു ശേഷം മാത്രമാണ്. ജില്ലയില്‍ നിരവധി ആദിവാസി യുവാക്കളാണ് ഇത്തരം കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്നത്. കോടതി ജാമ്യം അനുവദിച്ചാലും ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ അവര്‍ ജയിലില്‍ തന്നെ കഴിയുകയാണ്.
പോക്‌സോ നിയമം സംബന്ധിച്ച് ആദിവാസി സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it