thiruvananthapuram local

പൊഴിയൂര്‍ ബാങ്ക് കവര്‍ച്ചാശ്രമം; പ്രതികള്‍ അറസ്റ്റില്‍

പൂവാര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൊഴിയൂര്‍ ബ്രാഞ്ചില്‍ സ്‌ട്രോങ് റൂം തകര്‍ത്ത് സ്വര്‍ണവും പണവും മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതികളെ പോലിസ് പിടികൂടി. പൊഴിയൂര്‍ പുതുശ്ശേരി പനയറക്കാല വീട്ടില്‍ നിന്നുള്ള, പള്ളിച്ചല്‍ വെടിവച്ചാന്‍കോവില്‍ കരക്കാട്ടുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിനീഷ് (34), ഉച്ചക്കട കണിയാക്കോണം വീട്ടില്‍ കുട്ടന്‍ എന്നു വിളിക്കുന്ന ജോണ്‍ റിജു ബെന്നറ്റ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 5ന് രാത്രിയാണ് മോഷണശ്രമം നടന്നത്. പിറ്റേദിവസം രാവിലെ ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് മോഷണശ്രമം നടന്ന വിവരം പുറംലോകം അറിയുന്നത്.
ജില്ലയില്‍ ഏറ്റവുമധികം എന്‍ആര്‍ഐ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ബ്രാഞ്ചുകളില്‍ ഒന്നാണിത്. അവിടത്തെ മോഷണശ്രമം നാട്ടുകാരെയും നിക്ഷേപകരെയും ഒരുപോലെ നടുക്കിയിരുന്നു. തിരുവനന്തപുരം റൂറല്‍ എസ്പി ഷഫിന്‍ അഹ്മദിന്റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര ഡിവൈഎസ്പി എം എ നസീര്‍, പാറശ്ശാല സിഐ ഷാജിമോന്‍ ജോസഫ്, പൊഴിയൂര്‍ അഡീഷനല്‍ സബ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. ഷാഡോ പോലിസിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ വിനീഷ് മാസങ്ങളോളമുള്ള തയ്യാറെടുപ്പിനു ശേഷമാണ് കൃത്യം ആസൂത്രണം ചെയ്തത്. ഒരുമാസം മുമ്പ് വിരാലിയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നു ഗ്യാസ് സിലിണ്ടറും മറ്റും മോഷണം ചെയ്ത് ബാങ്കിനു സമീപം എത്തിച്ചെങ്കിലും അന്ന് മോഷണം നടത്താന്‍ സാധിച്ചിരുന്നില്ല. അതിനു ശേഷമാണ് സുഹൃത്തായ കുട്ടന്‍ എന്ന ജോണ്‍ റിജു ബെന്നറ്റുമായി ചേര്‍ന്ന് വീണ്ടും ആസൂത്രണം ചെയ്തത്. അതിനു വേണ്ടി നാഗര്‍കോവില്‍, മാര്‍ത്താണ്ഡം എന്നിവിടങ്ങളില്‍ നിന്നു ഗ്യാസ് കട്ടറും ഗ്യാസ് സിലിണ്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി.
തുടര്‍ന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്യുന്നത് പഠിക്കാന്‍ ഇരുവരും പല സ്ഥലങ്ങളിലും പോയി. പല പ്രാവശ്യം ബാങ്കില്‍ സന്ദര്‍ശനം നടത്തി കയറേണ്ട രീതിയും മറ്റും മനസ്സിലാക്കി. വ്യക്തമായ ആസൂത്രണത്തോടെയാണ് പ്രതികള്‍ കൃത്യം ചെയ്തത്. കൃത്യസമയത്ത് ഗ്യാസ് കട്ടറിന്റെ നോസില്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് മോഷണശ്രമം പരാജയപ്പെട്ടത്.
യാതൊരു തെളിവോ സൂചനകളോ ഇല്ലാതെ നടത്തിയ കൃത്യത്തില്‍ ശാസ്ത്രീയമായ തെളിവ് ശേഖരണം കൊണ്ടുമാത്രമാണ് പ്രതികളിലേക്ക് പോലിസ് എത്തിയത്. അന്വേഷണസംഘത്തില്‍ പാറശ്ശാല സിഐ ഷാജിമോന്‍ ജോസഫ്, എസ്‌ഐ മധുസൂദനന്‍, എസ്‌ഐ പ്രവീണ്‍, ഷാഡോ പോലിസ് ഉദ്യോഗസ്ഥരായ പോള്‍വിന്‍, പ്രവീണ്‍, ആനന്ദ്, പ്രേംദേവ്, അജിത് എന്നിവരാണുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it