kozhikode local

പൊരുതുന്ന ജനതയ്ക്ക് ഐക്യം പറഞ്ഞ് ഇന്തോ-ഫലസ്തീന്‍ നാടകസംഘം നാളെ കോഴിക്കോട്

കോഴിക്കോട്: ഫലസ്തീന്‍ ജനതയുടെ ജീവിതത്തിന്റെ ദുരിത വര്‍ത്തമാനങ്ങളുമായി ഇന്തോ-ഫലസ്തീന്‍ സംയുക്ത നാടക സംഘം നാളെ കോഴിക്കോട്ട് എത്തുന്നു.
പൊരുതി നില്‍ക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിലെ 10 നഗരങ്ങളെ ബന്ധിപ്പിച്ച് നടക്കുന്ന ഫോര്‍ ഫലസ്തീന്‍ ഫ്രീഡംജാഥയാണ് നാളെ കോഴിക്കോട്ട് എത്തുന്നത്. വൈകീട്ട് 5ന് ടാഗോര്‍ ഹാളിലാണ് പരിപാടി.
അധിനിവേശത്തിന്റെ മുറിവ് ഉണങ്ങിയിട്ടില്ലാത്ത ഫലസ്തീനിലെ ബെസ്റ്റ് ബാങ്ക് അഭയാര്‍ഥി ക്യാംപ് കേന്ദ്രീകരിച്ച് രൂപം കൊണ്ട ദി ഫ്രീഡം തിയേറ്ററും, ഡല്‍ഹിയില്‍ സഫ്ദര്‍ ഹഷ്മിയുടെ നേത്യത്വത്തില്‍ രൂപീകരിച്ച ജനനാട്യ മഞ്ചും സംയുക്തമായാണ് ഫ്രീഡംജാഥയിലെ കലാരൂപങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഫലസ്തീന്‍ ജനതയുടെ വിമോചന പോരാട്ടം തന്നെയാണ് ജാഥയുടേയും കലാരൂപങ്ങളുടേയും കാതല്‍.
മതഭീകരതയുടെ കൊലക്കത്തിക്ക് ഇരയായ ഡല്‍ഹിയിലെ നാടകപ്രവര്‍ത്തകന്‍ സഫ്ദര്‍ ഹഷ്മിയുടേയും, ഫലസ്തീനിലെ ജൂലിയാനോ മര്‍ ഖമീല്‍സിന്റേയും തീഷ്ണമായ നാടക പോരാട്ടങ്ങളുടെ സമന്വയംകൂടിയാണ് ഫ്രീഡം ജാഥ. സാമൂഹിക-രാഷ്ട്രീയ വിമര്‍ശനങ്ങളുടെ കൊള്ളിയാന്‍ വാക്കുകളുമായി നാടകം കളിച്ചുകൊണ്ടിരിക്കേയാണ് സഫ്ദര്‍ ഹഷ്മി കൊല്ലപ്പെടുന്നത്.
സമാനമായ രീതിയില്‍, സംസ്‌കാരത്തേയും കലയേയും വിമോചനപ്പോരാട്ടത്തിനുള്ള ആയുധമാക്കാന്‍ ഫലസ്തീന്‍ ജനതയെ പ്രപ്തരാക്കുന്നതിനിടയില്‍ 1911-ലാണ് ജൂലിയാനോ മര്‍ ഖമീല്‍സും എതിരാളികളുടെ വെടിയേറ്റുവീഴുന്നത്.
ഇദ്ദേഹം പകര്‍ന്ന ഉള്‍ക്കരുത്തില്‍, വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാംപിലെ അംഗങ്ങള്‍ 2006ലാണ് തിയേറ്റര്‍ ഗ്രൂപ്പ് ആരംഭിക്കുന്നത്. തെരുവ് നാടകത്തെ കുറിച്ച് പഠിക്കാന്‍ ഇവിടത്തെ തിയേറ്റര്‍ സ്‌കൂളിലെ 6 വിദ്യാര്‍ഥികളും ഫ്രീഡം തിയറ്ററിലെ രണ്ട് അധ്യാപകരും ഇന്ത്യയില്‍ എത്തിയിരുന്നു. അങ്ങിനെയാണ് ഡല്‍ഹിയിലെ ജനനാട്യ മഞ്ചും, ഫ്രീഡം തിയറ്ററും ചേര്‍ന്നുള്ള ഇന്തോ-ഫലസ്തീന്‍ സംയുക്ത നാടക സംരംഭത്തിന് വഴി തുറന്നത്.
Next Story

RELATED STORIES

Share it