Idukki local

പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി സിപിഎമ്മിലേക്ക്

തൊടുപുഴ: പൊമ്പിളൈ ഒരുമൈ നേതാവും ബ്ലോക്ക് പഞ്ചായത്തംഗവുമായ ഗോമതി സിപിഎമ്മിലേക്ക്. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇന്നലെ രാവിലെ ഒന്‍പത് മണിക്ക് സിപിഎം ഓഫിസില്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ നടന്നു.
ഗോമതിയോടൊപ്പമുണ്ടായിരുന്ന മനോജ്, മണി എന്നിവരും പാര്‍ട്ടിയില്‍ ചേര്‍ന്നു. എഐടി യുസി സജീവ പ്രവര്‍ത്തകയായിരുന്ന ഗോമതി ആ പിന്‍ബലത്തിലാണ് മൂന്നാറിലെ സമരത്തിനു നേതൃത്വം നല്‍കിയത്. മൂന്നാറിലെ രണ്ടാംഘട്ട സമരത്തില്‍ ട്രേഡ് യൂനിയനായിരുന്നു ആദ്യം സമരം പ്രഖ്യാപിച്ചതും സമരമാരംഭിച്ചതും. എന്നാല്‍ സമാന്തര സമരം ചെയ്യാനായിരുന്നു പൊമ്പിളൈ ഒരുമയുടെ തീരുമാനം. രണ്ടു ഘട്ടങ്ങളിലായി നടന്ന സമരത്തില്‍ ആദ്യഘട്ടത്തില്‍ സിഐടിയു പ്രവര്‍ത്തകരായിരുന്ന ലിസ്സി സണ്ണി, ഇന്ദ്രാണി മണികണ്ഠന്‍, എഐടിയുസി പ്രവര്‍ത്തകയായിരുന്ന ഗോമതി അഗസ്റ്റിന്‍ എന്നിവരാണുണ്ടായിരുന്നത്.
രണ്ടാം ഘട്ട സമരത്തില്‍ ഇന്ദ്രാണി ട്രേഡ് യൂനിയന്‍ പക്ഷത്തേക്ക് ചാഞ്ഞു. ലിസിയും ഗോമതിയുമാണ് പിന്നീട് പട നയിച്ചതെങ്കിലും പലപ്പോഴും ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മറനീക്കി പൂറത്തുവന്നു. ഇതിനിടെ ഇലക്ഷനില്‍ മല്‍സരിച്ച ഗോമതി പൊമ്പിളൈ ഒരുമൈയുടെ ബ്ലോക്ക് പഞ്ചായത്തംഗവുമായി.
തിരഞ്ഞെടുപ്പിന് ശേഷം ഗോമതിയെ കാണാതായതും വാര്‍ത്തയായിരുന്നു. തമിഴ്പാര്‍ട്ടിയായ എഐഎംഡികെയുമായി സഖ്യമുണ്ടാക്കുവാനാണ് തമിഴ്‌നാട്ടിലേക്ക് പോയെന്ന ആരോപണവും ഉയര്‍ന്നു. ഇതു സംബന്ധിച്ച് ലിസി സണ്ണി, ഗോമതി അഗസ്റ്റിന്‍ എന്നിവര്‍ ഇരു ചേരികളായി തിരിഞ്ഞ് കൊമ്പുകോര്‍ത്തിരുന്നു. ഇതിനിടെ സിപിഎമ്മുമായുള്ള ചങ്ങാത്തത്തില്‍ പ്രതിഷേധിച്ച് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകന്‍ ഇന്നലെ ടൗണില്‍ പരസ്യമായി ഗോമതിയെ ശകാരിച്ചു. ഇതു സംബന്ധിച്ച ഗോമതിയുടെ പരാതിയെത്തുടര്‍ന്ന് ശകാരം ചൊരിഞ്ഞ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it